മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 56 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ ആറിന് വൈറസ് ബാധ സ്ഥിരീകരിച്ച കുറുവപാങ്ങ് സ്വദേശി 41 കാരനുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ജൂണ്‍ നാലിന് മുംബൈയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ കോഴിക്കോട് വഴി നാട്ടിലെത്തിയ കരുവാരക്കുണ്ട് അരിമണല്‍ സ്വദേശി 29 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ രണ്ടിന് തിരിച്ചെത്തിയവരായ പറപ്പൂര്‍ സ്വദേശി 21 വയസുകാരന്‍, പുല്‍പ്പറ്റ ഞാവലുങ്ങല്‍ കോലോത്തുംപടി സ്വദേശി 22 വയസുകാരന്‍, ബെംഗളൂരുവില്‍ നിന്ന് മെയ് 28ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി 61 വയസുകാരന്‍, മെയ് 28 ന് മുംബൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ ഒരുമിച്ചെത്തിയ കരുവാരക്കുണ്ട് വാക്കോട് സ്വദേശിനി 32 വയസുകാരി, ബന്ധുവായ കരുവാരക്കുണ്ട് വാക്കോട് സ്വദേശി 16 വയസുകാരന്‍, കുവൈത്തില്‍ നിന്ന് ജൂണ്‍ 11ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് ആല്‍പ്പറമ്പ് സ്വദേശി 59 വയസുകാരന്‍, ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്ന് കൊച്ചി വഴി നാട്ടില്‍ തിരിച്ചെത്തിയ തിരൂര്‍ തുഞ്ചന്‍പറമ്പ് സ്വദേശി 34 വയസുകാരന്‍, മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ വാഴയൂര്‍ പുഞ്ചപ്പാടം സ്വദേശിനി ഗര്‍ഭിണിയായ 23 വയസുകാരി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി 37 വയസുകാരന്‍, ഇതേ ദിവസം കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയവരായ കൊണ്ടോട്ടി കൊട്ടപ്പുറം തുറക്കല്‍ സ്വദേശിനി 28 വയസുകാരി, ഇവരുടെ മക്കളായ എട്ട് വയസുകാരന്‍, രണ്ട് വയസുകാരന്‍, ഒരു വയസുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്‍ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.