മലപ്പുറം: തിരൂരങ്ങാടിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഞ്ജലിയുടെ മരണത്തിനിടയാക്കിയത് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിലെ സര്‍ക്കാരിന്‍റെ വലിയ വീഴ്ചമൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ദേവികയുടെ മരണത്തിന് ശേഷവും സര്‍ക്കാര്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നില്ലെന്നാണ് അഞ്ജലിയുടെ മരണത്തിലൂടെ കാണിക്കുന്നത്. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഞ്ജലിയുടെ വീട് സന്ദര്‍ശിച്ച ശേഷം സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് പാര്‍ട്ടി എതിരല്ല. വിമാനത്താവളത്തിനായി സര്‍ക്കാര്‍ അധിനീതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് പണം നല്‍കി ഏറ്റെടുക്കുന്നത് വലിയ സാമ്പത്തിക അഴിമതിയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കി ഭൂമി ഏറ്റെടുത്താല്‍ പാട്ടക്കാലാവധി കഴിഞ്ഞ നിരവധി കൈയ്യേറ്റക്കാര്‍ ഈ ആവശ്യവുമായി വരുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രവാസികളെ കൊണ്ടുവരാതിരിക്കാനുള്ള ന്യായമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം പറഞ്ഞത് പച്ചക്കള്ളമാണ്. മലയാളികള്‍ തിരിച്ച് വരേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.