മലപ്പുറം: മഞ്ചേരിയിൽ ലോറി മറിഞ്ഞ് അപകടം. പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാതയിലെ മഞ്ചേരി 22-ാം മൈലിൽ തിങ്കളാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ലക്ഷം മുട്ടകളുമായി നാമക്കല്ലിൽ നിന്നും പുറപ്പെട്ട ലോറി ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു കിലോമീറ്റർ ശേഷിക്കെയാണ് അപകടം സംഭവിച്ചത്.
ലോറിയിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കുകളില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കപ്പെട്ടു. സ്ഥിരം അപകടം സംഭവിക്കുന്ന ഈ പ്രദേശത്തെ ഇടുങ്ങിയ റോഡും അപകട വളവിലെ ഡിവൈഡറുകളും പൂർണമായും നീക്കം ചെയ്യാൻ രണ്ടു മാസം മുമ്പ് നഗരസഭയുടെയും ജില്ല കലക്‌ടർ അംഗമായ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയും തീരുമാനമെടുത്തിരുന്നു. അന്നത്തെ തീരുമാനപ്രകാരം ഡിവൈഡറുകൾ നീക്കം ചെയ്യാൻ പൊലിസിന് നിർദേശം നൽകി.
പക്ഷേ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാൻ പൊലീസിനെ വിട്ടു നൽകാനാകില്ലെന്ന് കാണിച്ച് മലപ്പുറം ഡിവൈഎസ്‌പി നഗരസഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ ആ പദ്ധതിയും നടപ്പിലായില്ല. മഞ്ചേരി കച്ചേരിപ്പടി മുതൽ മുട്ടിപ്പാലം വരെ നാലിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഈ ഡിവൈഡറുകളെല്ലാം ഉടൻ നീക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
ALSO READ: നിപ ഉറവിടം; മൃഗങ്ങളിൽ നിന്നും സ്രവം ശേഖരിച്ച് ഭോപ്പാലിലേക്ക് അയക്കും