മലപ്പുറം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ചികിത്സ സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ഐസിയു ബെഡുകൾ, വെന്‍റിലേറ്ററുകൾ, ഓക്‌സിജന്‍ സൗകര്യങ്ങൾ, ആവശ്യമായ ജീവനക്കാര്‍ തുടങ്ങിയവ മന്ത്രി വിലയിരുത്തി.
Read more: കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നു
മഞ്ചേരി മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് ആശുപത്രിയാക്കുമ്പോൾ അവിടെ സേവനം തേടുന്ന ഗർഭിണികൾക്കും മറ്റു രോഗബാധിതർക്കും ജില്ല ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും യഥാസമയം സേവനം ഉറപ്പാക്കുവാൻ മന്ത്രി നിർദേശം നൽകി. ഗർഭിണികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ സേവനവും തേടാവുന്നതാണ്. ഗർഭിണികൾക്ക് അസൗകര്യങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ഫീൽഡ് തലത്തിൽ ജെപിഎച്ച്എൻ, ആശ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ജില്ല പര്യാപ്‌തമാണെന്നും ഓക്‌സിജൻ ലഭ്യത കൂട്ടുവാനായി ആശുപത്രികളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതായും യോഗം വിലയിരുത്തി.
Read more: കൊവിഡ് വ്യാപനം; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് ജില്ല കലക്ടര്‍
കരുതൽവാസ കേന്ദ്രങ്ങൾ, പ്രാരംഭ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പ്, കരുതൽ നിരീക്ഷണം, കൊവിഡ് മാനദണ്ഡങ്ങള്‍, ലോക്ക്ഡൗൺ മാർഗ നിർദേശങ്ങള്‍ എന്നിവയുടെ പാലനം തുടങ്ങിയ കാര്യങ്ങളിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും പൂർണമായ സഹകരണം ഉറപ്പാക്കണം. കൊവിഡ് വ്യാപനം കൂടുതലും ഉണ്ടായിട്ടുള്ളത് വീടുകളിലായതിനാൽ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെകട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്‌ടർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.