മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി 82 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, വയനാട് സ്വദേശികളായ മൂന്നുപേർ പിടിയില്‍.
നാല് കുട്ടികൾക്കൊപ്പം ജിദ്ദയിൽ നിന്നെത്തിയ വയനാട് സ്വദേശി ബുഷ്‌റ, മലപ്പുറം സ്വദേശി ജംഷീദ്, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുല്‍ ശാമി എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ബുഷ്‌റയുടെ വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 1,076 ഗ്രാം സ്വർണ മിശ്രിതവും ആഭരണ രൂപത്തിലുള്ള 249 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,054 ഗ്രാം സ്വർണ മിശ്രിതവുമായാണ് ജംഷീദ് പിടിയിലായത്.
അബ്‌ദുൽ ശാമിലിന്‍റെ പക്കല്‍ നിന്ന് 679 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. ഇവ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കസ്റ്റംസിന്‍റെ പിടിയിലായത്. ജിദ്ദയിൽ നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 45,76,120 രൂപ മൂല്യമുള്ള സ്വർണവും കസ്റ്റംസ് കണ്ടെടുത്തു.