മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണം പിടികൂടി. രണ്ട് മലപ്പുറം സ്വദേശികളുടെയും ഒരു നാദാപുരം സ്വദേശിയുടെയും പക്കൽ നിന്നാണ് സ്വർണ മിശ്രിതം കസ്റ്റംസ് ഇന്ന്(21.08.2022) പിടകൂടിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ഫിറോസ്, മലപ്പുറം സ്വദേശി സുബൈർ കൊങ്ങശ്ശേരി എന്നിവരിൽ നിന്നായി 1550 ഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.
ഷാർജയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി ഹാരിസും സ്വർണവുമായി കസ്റ്റംസ് പിടിയിലായി.
സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ: സുബൈർ 438 ഗ്രാം സ്വർണവും, ഫിറോസ് 1112 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്. ഇരുവരും സ്വർണം മിശ്രിത രൂപത്തിലുള്ള ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തി പൂർത്തിയാകാത്തതിനാൽ പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം കണക്കാക്കിയിട്ടില്ല.
സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ: നാദാപുരം സ്വദേശി ഹാരിസിൽ നിന്ന് വസ്‌ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിലുള്ള സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സ്വർണമില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് തുടർച്ചയായുള്ള ചോദ്യം ചെയ്യലിലാണ് കസ്റ്റംസ് സ്വർണം കണ്ടെത്തിയത്. സ്വർണം തേച്ചു പിടിപ്പിച്ച വസ്‌ത്രമടക്കം 1573 ഗ്രാം ഭാരമുണ്ട്. സമാന രീതിയിൽ കടത്താൻ ശ്രമിച്ച സ്വർണം ഇന്നലെ(20.08.2022) പൊലീസും വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.