മലപ്പുറം: കഞ്ചാവ് കടത്തുന്നതിനിടയിൽ രണ്ട് പേർ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്തെ കല്ലിങ്ങൽ ഉമ്മർ(28), ഗിൽഗാൽ വീട്ടിൽ ബ്ലസൻ (21) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. ലോക്ക് ഡൗൺ കാലത്ത് മലയോര ഗ്രാമങ്ങളിൽ കഞ്ചാവ് ഉപയോഗം കൂടുതലാണ്. നാല് ദിവസം മുമ്പ് കഞ്ചാവ് ഉപയോഗിക്കുന്ന ചിലരെ കാളികാവ് പൊലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ചോക്കാട് കോട്ടപ്പുഴ പാലത്തിന് സമീപം വെച്ച് കഞ്ചാവ് വിതരണത്തിനെത്തിയ രണ്ട് പേരെ പിടികൂടിയത്. നിലമ്പൂർ ഭാഗത്ത് എത്തിയതിന് ശേഷം കഞ്ചാവ് ഏൽപ്പിക്കേണ്ടുന്ന സ്ഥലം ഫോണിലൂടെ അറിയിക്കാമെന്ന ധാരണ പ്രകാരമാണ് ഇവർ പുറപ്പെട്ടത്. നിലമ്പൂർ ഭാഗത്തുനിന്ന് വന്ന ഇവര്‍ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും ബൈക്ക് റോഡരികിലേക്ക് വീണതിനാല്‍ രക്ഷപ്പെടാൻ കഴിഞ്ഞില്ല.
പിടിയിലായ ഉമ്മർ നേരത്തേയും കഞ്ചാവുമായി പിടിയിലായ ആളാണ്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ കഞ്ചാവിന് ആവശ്യക്കാർ കൂടുതലാണ്. 25000 രൂപ വിലയുണ്ടായിരുന്ന രണ്ട് കിലോ കഞ്ചാവ് പൊതിക്ക് ഇപ്പോള്‍ നാലിരട്ടി വില കൂടുതലാണ്. 1,05000 രൂപയാണ് രണ്ട് കിലോ കഞ്ചാവിന് വിപണിയിൽ വില. പൊലിസ് പിടികൂടിയ നാല് കിലോ കഞ്ചാവിന് 210000 രൂപ വിലയായിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.