മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും. കനോലിഫ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ ആകാശ പാത, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് കൊവിഡ് നിബന്ധനകൾ പാലിച്ച് ചൊവ്വാഴ്ച്ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശന പാസ് നൽകും. കൊവിഡ് 19മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ വനം വകുപ്പിന്‍റെ നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. മൂന്ന് വിനോദ കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം ഒരുകോടിയോളം രൂപയാണ് പാസ് ഇനത്തിൽ ഈ കാലയളവിൽ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് സർക്കാർ അനുമതിയോടെ നിയന്ത്രണ വിധേയമായി വിനോദ സഞ്ചാരികൾക്ക് വനം വകുപ്പിന്‍റെ നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് കൊടുക്കുന്നത്.
കനോലിഫ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് എളുപ്പം എത്താനുള്ള ചാലിയാറിന് കുറുകെയുള്ള തൂക്കു പാലം പ്രളയത്തിൽ തകർന്നതിനാൽ മൈലാടി പാലം വഴി 16 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ച് വേണം സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ കനോലിഫ്ലോട്ടിലെ തേക്ക് മുത്തശിയുടെ അരികിലെത്താൻ. ചന്തക്കുന്നിലെ പഴയ വനം ബംഗ്ലാവിലെ ആകാശ നടപ്പാത വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം കാണാനും ചൊവ്വാഴ്ച്ച മുതൽ അവസരം ലഭിക്കും. വനം വകുപ്പ് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തികരിച്ചു വരികയാണ്.