മലപ്പുറം : നൂലും മുള്ളാണിയും ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ ജീവൻ തുടിക്കുന്ന ചിത്രം രൂപകല്‍പ്പന ചെയ്‌തിരിക്കുകയാണ് യുവകലാകാരനായ ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി പി.പി ഫായിസ് മുഹമ്മദ്. സ്ട്രിംഗ് ആർട്ട് എന്ന ചിത്രകലാരീതിയിലൂടെ ഗാന്ധിയുടെ മനോഹര രൂപമാണ് ഒരുക്കിയത്. ഒരു മീറ്റർ നീളവും വീതിയുമുള്ള ബോർഡിൽ ഏകദേശം 300 മുള്ളാണികളും രണ്ടായിരം മീറ്റർ കറുപ്പ് നൂലും ഉപയോഗിച്ചാണ് ഫായിസ് ചിത്രം പൂർത്തിയാക്കിയത്.
30 മണിക്കൂറോളമെടുത്തു ചിത്രം പൂർണതയിലെത്താൻ. സ്ട്രിംഗ് ആർട്ട് ചെയ്യുമ്പോൾ സമയമെടുത്ത് സൂക്ഷ്‌മതയോടെ ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ചിത്രം സാക്ഷാത്കരിക്കാനാകൂവെന്ന് ഫായിസ് പറയുന്നു. ബോർഡിൽ മുള്ളാണി തറച്ച ശേഷം വ്യത്യസ്‌ത കോഡുകൾ ഉപയോഗിച്ച് നൂലുകൾ കോർത്തിണക്കിയാണ് സ്ട്രിംഗ് ആർട്ട് ചിത്രങ്ങൾ നിർമിക്കുന്നത്. വിദേശ രാജ്യങ്ങളിലാണ് സ്ട്രിംഗ് ആർട്ടിന് കൂടുതല്‍ പ്രചാരമുള്ളത്.
കോഴിക്കോട് ഫൈൻ ആർട്‌സ് കോളജ് വിദ്യാർഥിയായ ഫായിസ് പെൻസിൽ കളർ, വാൾ പെയിന്‍റിങ് ,വാട്ടർ കളർ എന്നിവയിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌ട്രിംഗ് ആർട്ടിലെ ആദ്യ പരീക്ഷണം വിജയിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ ചിത്രങ്ങൾ തയ്യാറാക്കാനാണ് ഫായിസിന്‍റെ തീരുമാനം. ഇതിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള തയ്യാറെടുപ്പിലുമാണ് ഈ കലാകാരൻ.