മലപ്പുറം: ദോഹയില്‍ നിന്ന് കരിപ്പൂരെത്തിയ പ്രവാസികളില്‍ ഒരാള്‍ക്ക് കൊവിഡ് ലക്ഷണം. കണ്ണൂര്‍ സ്വദേശിയായ ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 നാണ് ഐ.എക്‌സ് - 374 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ 183 പ്രവാസികള്‍ നാട്ടിലെത്തിയത്. ഒമ്പത് ജില്ലകളില്‍ നിന്നായി 181 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
65 വയസിന് മുകളില്‍ പ്രായമുള്ള 15 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 44 കുട്ടികള്‍, 61 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ള നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 35 പേരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ മാറ്റി. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.