മലപ്പുറം : ഒരു കോടിയിലേറെ രൂപ വിലവരുന്ന മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയടക്കം രണ്ട് പേരെയാണ് കാളികാവ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടർന്ന് പോരൂർ, പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് ഇരുവരും അറസ്റ്റിലാവുന്നത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ബെംഗളൂരു സ്വദേശി സയ്യിദ് സലാഹുദ്ദീൻ, പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ലഹരി വസ്‌തുക്കള്‍ കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന ലഹരി മരുന്നുകള്‍ മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതി.
also read: മദ്യ ലഹരിയിൽ മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന കൊക്കെയ്ൻ ആദ്യമായാണ് മേഖലയിൽ പിടികൂടുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദ് പറഞ്ഞു. പ്രതികളുടെ ഫോണിലൂടെ നടന്ന പണമിടപാട് സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.