മലപ്പുറം: ചികിത്സയ്‌ക്ക് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്‌ടർ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അസിസ്റ്റന്‍റ് നെഫ്രാളജിസ്റ്റായ ഡോക്‌ടര്‍ ഷരീഫാണ് (52) അറസ്റ്റിലായത്. പട്ടിക്കാട് ചുങ്കത്തുള്ള ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം.
ജൂലൈ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സയ്‌ക്കാണ് യുവതി എത്തിയത്. ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികള്‍ ഉണ്ടായിരുന്നില്ല. മുന്‍പുണ്ടായിരുന്ന യൂറിനറി ഇന്‍ഫെക്ഷനെ കുറിച്ച് ചോദിച്ച ശേഷം പരിശോധിക്കാനെന്ന വ്യാജേന ഇയാള്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഇയാളുടെ വയറില്‍ ചവിട്ടി പരിശോധന മുറിയില്‍ നിന്ന് യുവതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്‌ച വൈകിട്ട് ചുങ്കത്തെ ക്ലിനിക്കില്‍ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Also read: വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് അറസ്‌റ്റില്‍