മലപ്പുറം: കൊവിഡ് 19 സ്ഥിരീകരണത്തിനുള്ള റിയൽ ടൈം പി.സി.ആര്‍ ലാബ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടർ ജാഫർ മാലിക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:സക്കീന എന്നിവർ ആശുപത്രിയിലെത്തി ലാബിന്‍റെ പ്രവർത്തനം വിലയിരുത്തി. ഐ.സി.എം.ആറിന്‍റെ പ്രവര്‍ത്തനാനുമതി ലഭിച്ചതോടെയാണ് ജില്ലയിലെ കൊവിഡ് സംശയിക്കുന്നവരുടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ പരിശോധനാ ലബോറട്ടറി മഞ്ചേരി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്റ്റേസ് പി.സി.ആര്‍ മെഷീനിലൂടെയാണ് പരിശോധന നടത്തുന്നത്. നാല് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. ഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകളുടെ വരെ പരിശോധന നടത്താനാകും. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്‌ധ പരിശീലനം പൂര്‍ത്തിയാക്കിയ ആറ് ലാബ് ടെക്‌നീഷ്യന്‍മാരാണ് ഇവിടെയുള്ളത്. രണ്ട് മെഷീനുകളാണ് സര്‍ക്കാര്‍ ജില്ലക്ക് നല്‍കിയത്. ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ മെഷീന്‍ ഉടന്‍ ലാബിലെത്തുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി അറിയിച്ചു.
ഇതുവരെ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് കൊവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിച്ചിരുന്നത്. പഴയ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിലെ മൈക്രോബയോളജി വിഭാഗത്തിന് സമീപമാണ് ഒരു കോടി രൂപ ചെലവില്‍ ഒരുക്കിയ ലാബ് പ്രവര്‍ത്തിക്കുന്നത്.