മലപ്പുറം: ആറ് ലക്ഷത്തോളം രൂപ വില മതിക്കുന്ന 20 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ നിസ്സാമുദ്ദീന്‍, തയ്യില്‍ മുബഷീര്‍, മദാരി ഫവാസ് എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി പാണ്ടിക്കാട് പൊലീസിന്‍റെ പിടിയിലായത്. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി കെഎ സുരേഷ് ബാബിന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സിഐ മുഹമ്മദ് ഹനീഫയും ജില്ലാ ആന്‍റിനർക്കോട്ടിക് സ്ക്വോഡും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
പാണ്ടിക്കാട് മുടിക്കോട് പാലത്തിന് സമീപം ബാഗിനുള്ളിലും ചാക്കിലുമാക്കി കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. ആന്ധ്രാ, ഒഡീഷ എന്നിവിടങ്ങളിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്നും കഞ്ചാവ് കിലോഗ്രാമിന് 1800 രൂപക്ക് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം നാട്ടിലെത്തിച്ച് ചെറുകിട ഏജന്‍റുമാര്‍ക്ക് ആറ് ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ച് വില്‍പ്പനക്കാര്‍ക്ക് കൈമാറാനായിരുന്നു ഇവരുടെ ശ്രമം. അറസ്റ്റിലായ നിസ്സാമുദ്ദീനും ഫവാസും കഴിഞ്ഞ ദിവസമാണ് 100 ഗ്രാം കഞ്ചാവുമായി പിടിയിലായ കേസില്‍ ജാമ്യത്തിലിറങ്ങിയത്.