മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യായനം വര്‍ഷം മുതല്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അഡ്മിഷൻ സമയത്ത് വിദ്യാർഥികള്‍ സത്യവാങ്മൂലം നൽകണമെന്ന് ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍വകലാശാലക്ക് കീഴിലെ എല്ലാ കോളജുകളുടെയും തലവന്മാര്‍ക്ക് കൈമാറി. ലഹരി വിരുദ്ധ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ് രജിസ്ട്രാർ ഫെബ്രുവരി 27ന് ഈ ഉത്തരവ് ഇറക്കിയത്.
ലഹരിവസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കാമെന്നും വിദ്യാർഥിയും രക്ഷിതാവും സത്യവാങ്മൂലം നൽകണം. അടുത്ത അധ്യയന വർഷം മുതൽ ഉത്തരവ് നടപ്പാക്കാനാണ് നിർദേശം.
സർക്കുലർ വിവാദമായതോടെ സിൻഡിക്കേറ്റ് ഇടപെടലുണ്ടായിട്ടുണ്ട്. അന്തിമ തീരുമാനം ഏഴിന് ചേരുന്ന സിൻഡിക്കേറ്റ് കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥികൾ കാമ്പസിനകത്ത് ലഹരി ഉപയോഗിക്കരുതെന്നാണ് ഉദ്ദേശിച്ചാണ് സര്‍കുലര്‍ ഇറക്കിയത്.. രക്ഷിതാക്കളുടെ കാര്യത്തിൽ ഇടപ്പെട്ടിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.