മലപ്പുറം: കൊവിഡ് കാലത്ത് നാം ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്റൈസര്‍. എന്നാല്‍ സാനിറ്റൈസര്‍ നിറച്ചിരിക്കുന്ന കുപ്പിയില്‍ പല ആളുകള്‍ സ്‌പര്‍ശിക്കുന്നത് അപടകടമാണ്. ഈ ആശങ്കയ്‌ക്ക് കുറഞ്ഞ ചിലവില്‍ പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൃഷി വകുപ്പ് ജീവനക്കാരൻ. വണ്ടൂർ പള്ളിക്കുന്ന് കരളി കാട്ടിൽ തണ്ടുപാറക്കൽ നൗഷാദാണ് കൈകൾ കാണിച്ചാൽ ഓട്ടോമാറ്റിക്കായി കൈയിലേക്ക് സാനിറ്റൈസര്‍ വരുന്ന ഉപകരണം നിര്‍മിച്ചത്. പല വമ്പൻ കമ്പനികളും ഇത്തരം ഉപകരങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ രീതിയില്‍ പ്രാദേശികമായാണ് ഒരു പ്ലംബര്‍ കൂടിയായ നൗഷാദ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്.
തന്‍റെ ആശയം ഓഫിസിലെ സൂപ്രണ്ട് ടോം എബ്രാഹം സൂപ്പർ വൈസർ ദിലിപ് എന്നിവരെയാണ് നൗഷാദ് ആദ്യം അറിയിച്ചത്. അവരുടെ പിന്തുണ ലഭിച്ചതോടെ നിര്‍മാണം ആരംഭിച്ചു. 400 ഓളം രൂപ മാത്രമാണ് നിർമാണ ചിലവ്, ബാറ്ററി റീചാർജ് ചെയ്യുന്ന സംവിധാനം ഉൾപ്പെടെ ഒരുക്കിയാലും 750 രൂപയോളം മാത്രമേ ചിലവാകു. അതിനാൽ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ഇത് പ്രയോജനപ്പെടും. നിലവില്‍ ഒരെണ്ണമെ തയാറായിട്ടുള്ളു. ഇത് ചുകത്തറ കൃഷി ഓഫിസില്‍ സ്ഥാപിക്കും. ഒരു രൂപ പോലും ലാഭം എടുക്കാതെ കുറച്ച് പേർക്കെങ്കിലും ഈ ഉപകരണം നിർമിച്ച് നൽകണമെന്ന ആഗ്രഹവും നൗഷാദ് പങ്കിട്ടു. നൗഷാദിന് പുർണ പിന്തുണയുമായി ഭാര്യ ഷഹല മക്കളായ ഇൻഷാ, ഇഷാൻ എന്നിവരും ഒപ്പമുണ്ട്.