മലപ്പുറം : വീട്ടിലെ ഉപകരണങ്ങളെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനായി ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരായ മുഹമ്മദ് സിമാൽ എം, നഷ്‌വ എം, ദീപു കെ, ആദിത്യ മേനോൻ എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്.
സ്‌മാർട്ട് റൂം എന്നാണ് ആപ്പിന്‍റെ പേര്. വീട്ടിലെ ഉപകരണങ്ങൾക്ക് പുറമേ കർട്ടൻ, ടാപ്പ് എന്നിവയും ആപ്പ് ഉപയോഗിച്ച് വോയിസ് കമാൻഡ് മുഖേനയോ, വെബ് കൺട്രോൾ ആയോ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് ആപ്പ് തുറന്ന് ടേണ്‍ ഓണ്‍ ബള്‍ബ് എന്ന് പറഞ്ഞാൽ ബൾബ് തെളിയും.
ഇതിന് പുറമെ ടച്ചിലൂടെയും ഉപകരണങ്ങള്‍ നിയന്ത്രിക്കാം. കേരള സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനമായ K- DISCന്‍റെ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലാണ് വിദ്യാർഥികൾ പ്രോജക്റ്റ് അവതരിപ്പിച്ചത്.
also read: നാലാംക്ലാസുകാരി ഇഷലിന്‍റെ കളി കോഡിങ്ങില്‍, ഇതിനകം രൂപകല്‍പ്പന ചെയ്തത് 60 ആപ്പുകള്‍
സ്കൂളിലെ സയൻസ് ക്ലബ് കൺവീനറായ കെ.വി ഷൗക്കത്ത് വിദ്യാർഥികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി. മാനേജർ ഇൻ ചാർജ് ഡോ. കെ ഇബ്രാഹിം, സ്കൂൾ പ്രധാനാധ്യാപകൻ പി.കെ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു.