മലപ്പുറം: പൊന്നാനി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തകര്‍ത്തത് ആംബുലന്‍സ് ഡ്രൈവറുടെ കൃത്യമായ ഇടപെടൽ. ചമ്രവട്ടം തേവര്‍ ക്ഷേത്ര പരിസരത്ത് കമ്പിപ്പാര ഉപയോഗിച്ച് ഭണ്ഡാരം പൊളിക്കാനുള്ള ശ്രമമാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ ഇല്ലാതാക്കിയത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് ആംബുലന്‍സുമായി താനൂരിലേക്ക് പോകുകയായിരുന്നു നൗഫല്‍.
പുലര്‍ച്ചെ നാലു മണിയോടെ ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കാണുന്നത്. സംഭവം കാണ്ട നൗഫൽ ഉടൻ ആംബുലന്‍സ് നിര്‍ത്തി പുറത്തിറങ്ങി. ശബ്ദം കേട്ട മോഷ്ടാവ് ഉടൻ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൗഫല്‍ ബൈക്കിനെ പിന്തുടർന്ന് അടുത്തെത്തിയതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ നൗഫല്‍ സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് സമീപവാസികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ പണമടങ്ങിയ കവര്‍ ലഭിച്ചു. പൊന്നാനി ചാണ റോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തുകയും ചെയ്തു. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.