മലപ്പുറം: മഴ കനത്തതോടെ വഴിക്കടവ് വെള്ളക്കട്ട കുറ്റിയാലിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതക്കയത്തിലായിരിക്കുകയാണ്. കുറുമ വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങളിലായി 14 പേരാണ് ദുരിതപൂർണജീവിതം നയിക്കുന്നത്. വനാതിർത്തിയിലുള്ള ഈ കോളനിയിലേക്ക് മഴ പെയ്താൽ ചെളിയും മണ്ണും വന്ന് നിറയുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലിൽ നിന്നും ഭാഗ്യം കൊണ്ടാണ് കോളനി നിവാസികൾ രക്ഷപ്പെട്ടത്. ഇവിടെ കനത്ത മഴ പെയ്താൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. അതിനാൽ തങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയോ, കോളനിയിലേക്ക് വനമേഖലയിൽ നിന്നും മണ്ണും ചെളിയുമെത്തുന്നത് തടയുകയോ വേണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. കഴിഞ്ഞ പ്രളയ സമയത്ത് ക്യാമ്പിൽ കഴിഞ്ഞ കുടുംബങ്ങളാണിത്. സുരക്ഷിതമായ സ്ഥലത്ത് വീട് നിർമിച്ച് നൽകിയാൽ അവിടേക്ക് പോകാൻ തയാറാണെന്നും ഇവർ പറയുന്നു.