മലപ്പുറം: ലോക പാലിയേറ്റീവ് ദിനത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പാലിയേറ്റീവ് ക്ലിനിക് പ്രവർത്തകരും വിദ്യാർഥികളും ബോധവല്‍ക്കരണ സന്ദേശങ്ങളുമായി വീടുകളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് ധനസമാഹരണം നടത്തി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി മൂന്നുറിലധികം വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. നാല് പേര്‍ അടങ്ങുന്ന വിവിധ സ്ക്വാഡുകളായാണ് ബോധവല്‍ക്കരണം നടത്തിയത്.
പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ളവര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ മുന്നോട്ടുവരണമെന്ന് പഞ്ചായത്ത് പാലിയേറ്റ് ജനകീയ സൊസൈറ്റി പ്രസിഡന്‍റ് ഉമ്മർ അറയ്ക്കൽ പറഞ്ഞു. കിടപ്പിലായ രോഗികൾക്ക് ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സേവനം, ആംബുലൻസ് സൗകര്യങ്ങൾ, വാട്ടർ ബെഡ്ഡുകൾ, എയർ ബെഡ്ഡുകൾ, വാക്കിങ് സ്റ്റിക്കുകൾ, വീൽചെയറുകൾ, ഡയാലിസ് സൗകര്യങ്ങള്‍ എന്നിവയെല്ലാം അങ്ങാടിപ്പുറം പഞ്ചായത്ത് പാലിയേറ്റീവ് ക്ലിനിക്കിന് കീഴില്‍ നല്‍കി വരുന്നുണ്ട്.
പാലിയേറ്റീവ് ദിന പ്രവർത്തനങ്ങള്‍ക്ക് പഞ്ചായത്ത് പാലിയേറ്റീവ് ജനകീയ സൊസൈറ്റി പ്രസിഡന്‍റ് ഉമ്മർ അറയ്ക്കൽ നേതൃത്വം നൽകി. ഡോ.ഹാരീസ് ചോലക്കൽ, റിട്ട.സബ് ഇൻസ്പെക്ടർ അബ്ദുൾ ലത്തീഫ്, മാന്തോണീ ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.