കോഴിക്കോട് : ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ ഇടപെടലും പിന്തുണയും അഭ്യര്‍ഥിച്ച് ഡബ്ല്യുസിസി അംഗങ്ങൾ വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്‌ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. പത്മപ്രിയ, പാർവതി തിരുവോത്ത്, സയനോര, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി തുടങ്ങിയവരാണ് വനിത കമ്മിഷന്‍ അധ്യക്ഷയെ കാണാനെത്തിയത്.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. രണ്ടുവർഷം മുന്‍പാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ 300 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ചലച്ചിത്ര രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ ശുപാർശകൾ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ മൂന്നംഗ സമിതി രൂപീകരിച്ചു.
സാംസ്‌കാരിക, ചലച്ചിത്ര അക്കാദമി സെക്രട്ടറിമാരും നിയമവകുപ്പ് അണ്ടർ സെക്രട്ടറിയും അംഗങ്ങളാകുന്നതാണ് സമിതി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഓരോ അംഗങ്ങളും പ്രത്യേകമായി സർക്കാരിന് നൽകും. സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ ശുപാർശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പും പരിശോധിക്കും.