കോഴിക്കോട്: മലബാറിന്‍റെ വ്യാവസായിക ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വയനാട് തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡിലും തിരുവമ്പാടി ബസ്സ്റ്റാൻഡിലും വലിയ സ്ക്രീനുകൾ ക്രമീകരിച്ചാണ് ആനക്കാംപൊയില്‍- കള്ളാടി -മേപ്പാടി തുരങ്കപാതയുടെ ഉദ്ഘാടന ചടങ്ങുകൾ പ്രദർശിപ്പിച്ചത്. മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ ജോർജ് എം തോമസ് , പി.ടി.എ റഹീം തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രാദേശികമായി രാവിലെ പത്തിന് പൊതുപരിപാടിയും നടന്നു.
പദ്ധതിയുടെ സർവേ നടപടികൾ കഴിഞ്ഞമാസം 22ന് തുടങ്ങിയിരുന്നു. മൂന്നു മാസത്തിനകം പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഡി.പി.ആർ തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമർപ്പിക്കും. തുരങ്കപാതയുടെ നിർമാണം മാർച്ചിൽ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നുവർഷം കൊണ്ട് തുരങ്കം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാത യാഥാർത്ഥ്യമാവുന്നതോടെ കൊച്ചി - ബെംഗളൂരു യാത്ര ദൂരം കുറയുമെന്നതാണ് പ്രത്യേകത. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സാധിക്കും. പാത യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപാതയാകുമിത്. ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിൽ നിന്ന് മേപ്പാടി കള്ളാടിയിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്റർ നീളമുള്ള പാതയിൽ സ്വർഗംകുന്നിൽ നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും.
കോഴിക്കോട്, വയനാട് ജില്ലകളിലെ വനമേഖലക്ക് ഒരു പ്രശ്നവും വരാതയും മേഖലയിലെ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്തും അന്തിമ രൂപരേഖ തയ്യാറാക്കി തുരങ്ക പാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണ്ണാടകയിൽ നിന്ന് മലബാറിലേക്കുള്ള ചരക്ക് നീക്കം ഉൾപ്പെടെ എളുപ്പമാവുന്നതോടെ മലബാർ വികസനവും യാഥാർത്ഥ്യമാവും. പല പദ്ധതികളും എതിർപ്പുകൾ മൂലം അട്ടിമറിക്കപ്പെടാറുണ്ടന്നും എന്നാൽ അനാവശ്യമായ വിവാദങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.