ദുബായ്/കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിനെ (20) ദുബായില്‍ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് (01.03.2022) ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മെഹ്നൂസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്. തിങ്കളാഴ്‌ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം.
ഫാഷൻ, വ്യത്യസ്‌ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അരനാട്ടില്‍ വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ മെഹ്നൂസ് ഭര്‍ത്താവിനൊപ്പമാണ് വ്‌ളോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.