കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പാറക്കല്ല് ഉരുണ്ട് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഏപ്രിൽ 16 ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വണ്ടൂർ എളമ്പാറ ബാബുവിൻ്റെ മകൻ അഭിനവ് (20) അപകടത്തിൽ മരിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ഇപ്പോഴും ചികിത്സയിലാണ്. ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ചുരത്തിലെ അപകടം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
അപ്രതീക്ഷിതമായി മലമുകളിൽ നിന്ന് ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും യാത്രികരും താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്. ആറാം വളവിലാണ് അപകടം നടന്നത്. വീഴ്‌ചയിൽ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്‍റെ മരണത്തിന് കാരണമായത്. കൊക്കയിലേക്ക് വീണ ഇവരെ ഏറെ പണിപ്പെട്ടാണ് മുകളിൽ എത്തിച്ചത്.
ALSO READ: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് യുവാവ് മരിച്ചു, അന്വേഷിക്കാൻ ദേശീയപാത വിഭാഗം
സംഭവത്തിൽ ചുരത്തിൽ ദേശീയ പാത വിഭാഗം പരിശോധന നടത്തിയിരുന്നു. ചുരത്തിൽ ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് അപകടമുണ്ടായത് എന്ന് ദേശീയപാത വിഭാഗത്തിൻ്റെ ഫീൽഡ് ജീവനക്കാർ പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. കാടുമായി ബന്ധപ്പെട്ട ഭാഗത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടായതിനെ തുടർന്നാണോ കല്ല് താഴേക്ക് പതിച്ചതെന്ന് വനം വകുപ്പും പരിശോധിച്ച് വരികയാണ്.