കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കി പൊതു ശുചിമുറി വീണ്ടും അടച്ചുപൂട്ടി. പത്ത് മാസത്തിനുള്ളിൽ നാലാംതവണയാണ് ശുചിമുറി അടച്ചുപൂട്ടുന്നത്. സെപ്റ്റിക്ടാങ്ക് നിറഞ്ഞൊഴുകിയതോടെയാണ് കോര്‍പ്പറേഷന്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
തൊഴിലാളികളുടെയും വ്യാപാരികളുടെയും വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ്വലിയങ്ങാടിയിൽ കോർപ്പറേഷൻ ശുചിമുറി നിര്‍മ്മിച്ചത്. വനിതകളുടേതടക്കം മൂന്ന് ശുചിമുറികളും മൂത്രപ്പുരയുമാണ്കെട്ടിടത്തിലുള്ളത്.രണ്ട് മാസം മുമ്പ് ടാങ്ക് നിറഞ്ഞു കവിഞ്ഞപ്പോൾ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് ശുചിമുറിയുടെ അടുത്ത്പ്രത്യേക കുഴിയെടുത്ത് മറവ് ചെയ്തിരുന്നു. മാത്രമല്ല സെപ്റ്റിക് ടാങ്കിന് വലുപ്പം കുറവാണെന്നപരാതി ഉയർന്നതോടെ സമീപത്ത് മറ്റൊരു കുഴിയുമെടുത്തിരുന്നു. ഇപ്പോൾ ഈ ടാങ്കും നിറഞ്ഞൊഴുകുകയാണ്. വലിയങ്ങാടിയിലെ ശുചിമുറി പൂട്ടിയതോടെശുചിമുറി ഉപയോഗിക്കുന്നതിന് കോഴിക്കോട് നഗരത്തിലെത്തേണ്ട ഗതികേടിലാണ് വ്യാപാരികളും തൊഴിലാളികളും. ചരക്കുകള്‍ ഇറക്കുന്നതിനായി അന്യ സംസ്ഥാനത്ത് നിന്നും വരുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ടാങ്ക് നിറയുന്നത് കാരണം കുളിക്കാനുള്ള സൗകര്യം നിർത്തിവച്ചു. പകരം പുറത്തുള്ള പൊതുകിണർ ആണ് തൊഴിലാളികൾ കുളിക്കാനായി ഉപയോഗിക്കുന്നത്. നിർമ്മാണത്തിലുള്ള അപാകതയാണ് ടാങ്ക് നിറയുന്നതിനുള്ള കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.