തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ഒരു മാസത്തിന് ശേഷം വിവാഹമുണ്ടാകുമെന്ന് സച്ചിൻ ദേവിൻ്റെ കുടുംബം വ്യക്തമാക്കി.
വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഇരു കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. പാർട്ടിയുൾപ്പെടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ് വിവാഹം. കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യമാണ്. വിവാഹ ത്തിയതി കുടുംബവും പാർട്ടിയും ചേർന്ന് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി.
ബാലസംഘത്തിലൂടെയുള്ള പരിചയം
ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മിൽ മനസിലാക്കാൻ വഴിയൊരുക്കിയത്. രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചതെന്നും ആര്യ പറഞ്ഞു. ബാലസംഘം, എസ്എഫ്ഐ എന്നിവയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇതുവഴിയുള്ള പരിചയമാണ് പ്രണയത്തിലും ഒടുവിലും വിവാഹത്തിലും എത്തുന്നത്.
21-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ഓള്‍ സെയിന്‍റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് സച്ചിൻദേവ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും മത്സരിച്ച് ജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി കൂടിയാണ്.
തിരുവനന്തപുരം മുടവൻമുകൾ സ്വദേശിയാണ് ആര്യ രാജേന്ദ്രൻ. ബാലസംഘം സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ആര്യ നിലവിൽ സിപിഎം ചാല ഏരിയ കമ്മറ്റി അംഗമാണ്.