കോഴിക്കോട്: പാട്ട് പഠിച്ചിട്ടില്ല, തബല കണ്ടിട്ടുമില്ല, പക്ഷേ ആല്‍ബിന്‍റെ കുഞ്ഞുകൈവിരലുകൾ കുടത്തില്‍ താളമിടുമ്പോൾ ആരും കേട്ടിരുന്നു പോകും. കൊവിഡ് എന്ന കെട്ട കാലത്ത് ആശ്വാസത്തിനായി പാടിത്തുടങ്ങിയതാണ് അഞ്ചാം ക്ലാസുകാരനായ ആല്‍ബിന്‍റെ മുത്തച്ഛനും സുഹൃത്ത് ഭാസ്‌കരനും. ആ പാട്ട് കേട്ടിരിക്കുമ്പോൾ കയ്യില്‍ കിട്ടിയ കുടത്തില്‍ കൊട്ടിത്തുടങ്ങിയതാണ് കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം മാങ്ങാട്ട് പോയികയിൽ സന്തോഷ്-ദീപ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായ ആല്‍ബിൻ.
ലോക്ക്ഡൗൺ സമയത്ത് മുത്തച്ഛന്‍റെ പാട്ടിനൊപ്പം ആല്‍ബിൻ കുടത്തിൽ കൊട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഈ കുഞ്ഞു കലാകാരനെ നാടൊന്നാകെ ശ്രദ്ധിച്ചു തുടങ്ങി. സംഗീതം പഠിക്കാൻ താൽപര്യമുണ്ടെന്നും തബല വായിക്കുക എന്നത് തന്‍റെ വലിയ ആഗ്രഹമാണെന്നും ആൽബിൻ പറഞ്ഞിരുന്നു.
ആഗ്രഹം മനസിലാക്കിയ പ്രദേശത്തെ നവധാര ക്ലബ്, ആൽബിന് തബല വാങ്ങി നൽകുകയും ശാസ്‌ത്രീയമായി സംഗീതം അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തു. തബലയില്‍ വിസ്‌മയം തീർക്കുന്ന കുഞ്ഞുകലാകാരനില്‍ നിന്ന് നാട് ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി കാത്തിരിക്കുകയാണ് തോട്ടുമുക്കം എന്ന കൊച്ചു ഗ്രാമം.
ALSO READ: കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം