കോഴിക്കോട് : സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് ശേഷം ഒരു നടപടിയും എടുത്തിട്ടില്ല. സർക്കാരിന് എല്ലാം അറിയാമായിരുന്നുവെന്നും സംസ്ഥാനത്തെ നിയമവാഴ്‌ച പൂർണമായി തകർന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നാണ് ശിവശങ്കർ സ്വർണ കള്ളക്കടത്ത് നടത്തിയത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരും ജയിൽ ഉദ്യോഗസ്ഥരും ചേർന്നാണ് വ്യാജ ഓഡിയോ ക്ലിപ്പ് ഉണ്ടാക്കിയത്. എന്തുകൊണ്ടാണ് ഈ വിഷയങ്ങളിൽ അന്വേഷണം നടത്താത്തതെന്നും വിഷയത്തിൽ താൻ മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
സർക്കാരും ഗവർണറും തമ്മിൽ ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം കെ സുരേന്ദ്രൻ തള്ളി. ഇത് പുകമറ സൃഷ്‌ടിക്കലാണ്. ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് നിസാര പ്രശ്‌നങ്ങളാണ്. പ്രതിപക്ഷം സർക്കാരിനെ നേരിടുന്നതിൽ പരാജയപ്പെട്ടു. വി.ഡി സതീശൻ ഗവർണറോടാണ് ഏറ്റുമുട്ടുന്നത്. അല്ലാതെ സർക്കാരിനെ വിമർശിക്കുകയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈന്യത്തെയും അധികാരികളെയും പ്രശംസിക്കുന്നു. എന്നാൽ കേരളത്തിന്‍റെ ദുരന്ത നിവാരണ സംഘം എന്തിനാണെന്നും 48 മണിക്കൂർ കൊണ്ട് ഒരു ചെറുപ്പക്കാരനെ രക്ഷിക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.