കോഴിക്കോട്: കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയോഗം അംഗീകാരം നൽകി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കിയാകും പദ്ധതി നടപ്പാക്കുക. കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങള്‍ക്ക് കനാൽ നവീകരണം ഒരുപരിധിവരെ പരിഹാരമാകും.
ചരക്ക് ഗതാഗതത്തോടൊപ്പംതന്നെ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് കനാൽ നവീകരണം നല്‍കുന്നത്. കനാല്‍തീരങ്ങളുടെ സൗന്ദര്യവത്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്‍റർസെപ്റ്റ് സ്വീവറുകളും ട്രീറ്റ്‌മെന്‍റ് സംവിധാനവും സ്ഥാപിക്കും.
കോഴിക്കോടിനെ കനാൽ സിറ്റി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം. 1848ല്‍ മലബാര്‍ ജില്ല കലക്ടറായിരുന്ന എച്ച്.വി. കനോലി മുൻകൈയെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കനാലുകള്‍ നിർമിച്ചത്. കാലക്രമേണ കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്‍റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറയുകയായിരുന്നു.