കോഴിക്കോട് : വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ രണ്ടാം ദിവസവും പൂർണം. ജില്ലയിൽ പൊതുഗതാഗതം ഏറെക്കുറെ പൂർണമായും സ്‌തംഭിച്ചു. കലക്‌ടറേറ്റിൽ എത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. ജില്ലയിൽ പല ഭാഗത്തും തുറക്കാൻ ശ്രമിച്ച കടകൾ സമരക്കാർ അടപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ തുറക്കും എന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും വളരെ കുറച്ചെണ്ണം മാത്രമാണ് ജില്ലയിൽ പ്രവർത്തിച്ചത്. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസിയും സർവീസ് നടത്താത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.
ഇന്നലെ ഉണ്ടായ വ്യാപക അക്രമത്തെ തുടർന്ന് പൊലീസ് അതീവ ജാഗ്രതയിൽ ആയിരുന്നു. നാദാപുരം, മുക്കം, കുന്ദമംഗലം, രാമനാട്ടുകര, അരീക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമരക്കാർ കടകൾ അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിൽ പൊലീസിന്‍റെ കനത്ത സുരക്ഷയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമാണ് തുറന്നത്.
ALSO READ: മൂന്നാറിൽ പണിമുടക്കിനിടെ സംഘര്‍ഷം ; എം.എല്‍.എ എ രാജയ്ക്ക് പൊലീസ് മര്‍ദനം
പെട്രോൾ പമ്പുകൾ തുറക്കാത്തത് മൂലം ഇന്നലെ ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പമ്പുകൾ തുറന്നുപ്രവർത്തിക്കണമെന്ന് കലക്‌ടർ നിർദേശം നൽകിയിരുന്നു. എന്നാൽ ജില്ലയിൽ ഭൂരിഭാഗം പെട്രോൾ പമ്പുകളും ഇന്നും തുറന്നുപ്രവർത്തിച്ചില്ല.