കോഴിക്കോട് : പൊതുവേദിയിലെ 'പെൺവിലക്കി'ൽ ന്യായീകരണവുമായി സമസ്‌ത. വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താൻ കഴിയില്ലെന്നും വേദിയിൽ വരുന്ന മുതിർന്ന പെൺകുട്ടികളുടെ ലജ്ജ കണക്കിലെടുത്താണ് സ്‌റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞതെന്നും സമസ്‌ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുതിർന്ന പെൺകുട്ടികളെ വേദിയിൽ കയറ്റി ആദരിക്കുന്ന നിലപാട് സമസ്തക്കില്ല. കുട്ടി വന്നു, പുരസ്‌കാരം വാങ്ങി. ആ കുട്ടി വരുന്നതിന് മുമ്പ് എം ടി അബ്ദുള്ള മുസ്ലിയാർ തടഞ്ഞിട്ടില്ല, അങ്ങനെയെങ്കിൽ അപമാനിച്ചെന്ന് പറയാം. അതിനാൽ തന്നെ അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്.
സമസ്‌ത മാറണം എന്ന് പുറമെയുള്ള ആളുകൾ അല്ല പറയേണ്ടത്. കാലോചിതമായാണ് സമസ്‌ത പ്രവർത്തിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
ALSO READ: സ്ത്രീവിരുദ്ധ പരാമര്‍ശം: സമസ്ത നേതാവിന് 'കാണിച്ചു കൊടുത്ത്' സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പെരിന്തല്‍മണ്ണ പനങ്കാംകരയ്ക്കടുത്തുള്ള മദ്രസ വാര്‍ഷിക ചടങ്ങിൽ വച്ച് സമസ്‌ത വൈസ് പ്രസിഡന്‍റും സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്‌ദുല്ല മുസ്‌ലിയാർ പെണ്‍കുട്ടിയെ അപമാനിച്ച് വേദിയില്‍ സംസാരിച്ചത്.
സമ്മാനം വാങ്ങാൻ പെണ്‍കുട്ടി സ്റ്റേജിലെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ എന്തിനാണ് സ്റ്റേജിലേക്ക് വിളിച്ചത് എന്ന ചോദ്യവുമായി ഉസ്‌താദ് എത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നത്.