കോഴിക്കോട്: മാലിന്യ പ്ലാൻ്റിനെതിരെ സമരം തുടരുന്ന ആവിക്കൽ തോട്ടിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ സമരക്കാർക്കും പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. നാട്ടുകാർക്കെതിരെ ലാത്തി വീശിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. മാലിന്യ പ്ലാൻ്റിനെതിരെ കോഴിക്കോട് ആവിക്കൽ തോട്ടിലും പരിസര വാർഡുകളിലും ഹർത്താൽ തുടരുകയാണ്.
മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ എന്നീ വാർഡുകളിലാണ് സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. റോഡ് ഉപരോധിച്ച സമരക്കാരും പൊലീസും തമ്മിൽ രാവിലെ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹർത്താൽ കണക്കിലെടുത്ത് സ്ഥലത്ത് നിർമാണ പ്രവർത്തികൾ നിർത്തി വച്ചിരിക്കുകയാണ്.