കോഴിക്കോട്: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ സംഭവത്തില്‍ മർക്കസ് നോളജ് സിറ്റിയിലെ നിർമാണ പ്രവർത്തികൾ പഞ്ചായത്ത് പരിശോധിക്കും. കോടഞ്ചേരി പഞ്ചായത്ത് അധികൃതർ ഇതിനായി നടപടി ആരംഭിച്ചു. തോട്ടഭൂമി തരംമാറ്റി അനധികൃതമായാണ് ആയിരം ഏക്കറോളം സ്ഥലത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
2021 ഏപ്രിലിലാണ് കെട്ടിട നിർമാണ അനുമതിക്കായി മർക്കസ് നോളജ് സിറ്റി അധികൃതർ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. തുടർന്ന് എഞ്ചിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി, നിർമാണം നിയമാനുസൃതമല്ലെന്ന് കണ്ടെത്തി അനുമതി നിഷേധിച്ചിരുന്നു. ആറ് മാസത്തിന് ശേഷം നോളജ് സിറ്റി അധികൃതർ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
പഞ്ചായത്തിന്‍റെ പ്രാഥമിക അനുമതിപോലും നേടാതെയാണ് സ്‌കൂളിനുവേണ്ടിയുള്ള ബഹുനില കെട്ടിടം നിർമിച്ചത്. തകർന്ന കെട്ടിടത്തിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ രേഖാമൂലം കൈമാറി. അപകടത്തെ കുറിച്ച് തഹസിൽദാർ ജില്ല കലക്‌ടര്‍ക്ക് റിപ്പോർട്ട് നൽകും. അപകടത്തിൽപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുക.
കാന്തപുരത്തിന്‍റെ ഉടമസ്ഥതയിലുള്ള താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട 23 പേർ ചികിത്സയിലാണ്. 21 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 2 പേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
Read more: മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകർന്ന് 15 പേർക്ക് പരിക്ക്