കോഴിക്കോട് : തൂണേരി സ്വദേശിയായ ഖത്തർ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും യുഡിഎഫ് നേതാക്കളും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. ശനിയാഴ്‌ച പുലർച്ചെ 5.20 നാണ് മുടവന്തേരി സ്വദേശി എം.ടി.കെ അഹമ്മദിനെ കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ട് പോയത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് തട്ടി കൊണ്ട് പോയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം.
ഖത്തറിലെ ബിസിനസ് സംബന്ധമായി അഹമ്മദിന്‍റെ കമ്പനി മാനേജറും പയ്യോളി സ്വദേശിയുമായി തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ അഹമ്മദിനെ തട്ടിക്കൊണ്ട് പോയത്. പൊലീസ് അനാസ്ഥ കാണിക്കുന്നെന്നാരോപിച്ചാണ് യുഡിഎഫ് നേതാക്കളും അഹമ്മദിന്‍റെ ബന്ധുക്കളും നാദാപുരം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയത്.
ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തത് മാറ്റി തട്ടിക്കൊണ്ട് പോയ സംഭവത്തിന് കേസെടുക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് അംഗീകരിച്ചു. യുഡിഎഫ് നേതാക്കളായ കെ. പ്രവീൺ കുമാർ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്.
ശേഷം ബന്ധുക്കളും യുഡിഎഫ് പ്രവർത്തകരും നാദാപുരം - തലശേരി റോഡ് ഉപരോധിച്ചു. സംസ്ഥാന പാതയിൽ ഉപരോധം മുക്കാൽ മണിക്കൂറോളം നീണ്ടു. അപ്രതീക്ഷിത പ്രതിഷേധ സമരം യാത്രക്കാരെ വലച്ചു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ പൊലീസ് യുഡിഎഫ് നേതാക്കളുമായി സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു.
കൂടുതല്‍ വായിക്കാന്‍:കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയതായി പരാതി