കോഴിക്കോട് : എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ 'ഹരിത' ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ്‌ലിയ. നടപടിയെടുക്കും മുമ്പ് പാർട്ടി ഹരിതയുടെ വിശദീകരണം കേട്ടില്ല.
'കമ്മിഷനെ സമീപിച്ചത് മാനസിക പ്രയാസം മൂലം'
ഹരിത നേതാക്കൾ പ്രയാസം പറഞ്ഞത് പാർട്ടി വേദിയിലാണ്. ലീഗ് പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്താണ് പ്രവർത്തിച്ചത്. പരാതിയിൽ എംഎസ്എഫ് ദേശീയ നേതൃത്വം രണ്ട് പക്ഷത്തേയും കേട്ടിരുന്നു. അതിൻ്റെ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറി.
എന്നാല്‍ വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് നിയോഗിച്ചത് ജനറൽ സെക്രട്ടറി പിഎംഎ സലാമിനെയാണ്. എല്ലാ യോഗങ്ങളിലും താൻ പങ്കെടുത്തു. പാർട്ടി വേദിയിൽ വിഷയം അവതരിപ്പിച്ചിട്ടും തീരുമാനമാകാത്തതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തിൽ നിന്നാണ് വനിത കമ്മിഷനെ സമീപിച്ചത്.
പാർട്ടിയെ വിശ്വാസമില്ലാത്തത് കൊണ്ടല്ല വനിത കമ്മിഷനെ സമീപിച്ചത്. അത് തെറ്റായ വായനയാണ്. എന്നാല്‍ കമ്മിഷനെ സമീപിച്ചതിൽ തെറ്റില്ലെന്നും ഫാത്തിമ പറഞ്ഞു.
'സ്വാഭാവിക നീതി കിട്ടിയില്ല'
തീർത്തും മിണ്ടാതിരുന്നിട്ടും പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ല. അതിൽ സങ്കടമുണ്ട്. പ്രസ്ഥാനമാണ് വലുത്, അണികൾ ആരും ചെറുതല്ല എന്ന് പാർട്ടി ഓർക്കണം. പാർട്ടിയിൽ നിന്ന് മറുപടി ലഭിക്കണം. ഇനിയും ഈ വിഷയം പാർട്ടി വേദിയിൽ അവതരിപ്പിക്കും.
പിടിച്ച കൊടി തെറ്റിയിട്ടില്ല. സ്ത്രീകളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കാൻ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഹരിത ഒരു തലവേദനയാണെന്നുള്ള പ്രസ്‌താവന വേദനിപ്പിക്കുന്നു. ഹരിത പ്രവർത്തകർക്കെതിരെ തുടരുന്ന നീചമായ പരാമർശം ഒഴിവാക്കണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടു.
Also read: 'കെആര്‍ ഗൗരിയാണ് എന്‍റെ ഹീറോ!': ലീഗിനെ വിമർശിച്ച് ഫാത്തിമ തെഹ്‌ലിയ