കോഴിക്കോട്: 'ഹരിത'യ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
സീനിയർ വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്‍റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത്. 'ഹരിത' നേതാക്കള്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.
എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടുവെന്ന് കാണിച്ച് 'ഹരിത' വനിത കമ്മിഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി പിൻവലിക്കാൻ 'ഹരിത' നേതാക്കൾ തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും സംഘടന പിരിച്ചുവിട്ട ലീഗിന്‍റെ നടപടിക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാെണന്നാണ് ഹരിതയുടെ നിലപാട്.
Read more: "ഹരിത" പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം