കോഴിക്കോട് : ജില്ലയിൽ കോൺട്രാക്‌ട് ക്യാരിയേജ് വാഹനങ്ങൾ മനുഷ്യജീവന് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നു എന്ന പരാതികളുടെയും പാലക്കാട് ഉണ്ടായ ദാരുണമായ അപകടത്തിന്‍റെയും പശ്ചാത്തലത്തിൽ കോഴിക്കോട് പരിശോധന. മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പതിനെട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്തു.
കർശന പരിശോധനയുടെ അടിസ്ഥാനത്തിൽ സ്‌പീഡ് ഗവർണർ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിന് ശുപാർശ ചെയ്‌തിട്ടുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേൾവി ശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്‌തു.
ഈ വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു. ഈ വാഹനങ്ങളുടെ പെർമിറ്റ്/ ആർസി റദ്ദാക്കൽ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ അടക്കമുള്ള തുടർ നടപടികളിലേക്ക് പോകുവാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സർവീസ് നടത്തുന്ന വാഹനങ്ങള്‍ ആർടിഒ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്‍ററില്‍ വച്ച് പരിശോധിക്കാനും വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.
കഴിഞ്ഞ മാസം നഗരത്തില്‍ മത്സരിച്ച് ഓടിയ സ്വകാര്യ ബസുകൾക്കെതിരെ ഇത്തരത്തില്‍ നടപടി എടുത്ത് ഡ്രൈവര്‍മാരുടെ ലൈസൻസുകള്‍ സസ്‌പെൻഡ് ചെയ്തിരുന്നു. പരിശോധനയില്‍ 128000 രൂപ പിഴയും ചുമത്തി. എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ കെ ബിജു മോന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ധനേഷ് കെ എം, സുധീഷ് പി ജി, അഷ്‌റഫ് പി എം എന്നിവരും അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരും പങ്കെടുത്തു.