കോഴിക്കോട്: സർക്കാർ സഹായത്തോടെ മിൽമ പാൽപൊടി നിർമാണ പ്ലാന്‍റ് നിർമാണത്തിലേക്ക്. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഒരു വര്‍ഷം കൊണ്ട് പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാകുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി. മലബാര്‍ മില്‍മയ്ക്ക് നിലവില്‍ 46ല്‍ അധികം പാല്‍ ഇതര ഉൽപന്നങ്ങളാണ് ഉള്ളത്.
അഞ്ചു മിനിട്ടുകൊണ്ട് തയ്യാറാക്കാവുന്ന റെഡി ടു കുക്ക് വെജിറ്റബിള്‍ ബിരിയാണി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, കാപ്പിപ്പൊടി, ചുക്കു കാപ്പി എന്നിവയാണ് ഏറ്റവും ഒടുവില്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്‍റ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഉൽപന്നങ്ങൾ.
'മിൽമ ക്ഷീരകർഷകർക്കൊപ്പം'
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് കേരളത്തില്‍ കൂടിയ വില നല്‍കിയാണ് മില്‍മ സംഭരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് ഇത്തരം നടപടി. അതുകൊണ്ടു തന്നെ പാലും പാല്‍ ഉൽപന്നങ്ങളും മാത്രം വിറ്റാല്‍ പോരെന്ന തിരിച്ചറിവിലാണ് മില്‍മ. ഇതര ഉൽപന്നങ്ങൾ കൂടി വിപണിയിലിറക്കി കൂടുതല്‍ ലാഭം ഉണ്ടാക്കി അത് നമ്മുടെ നാട്ടിലെ പാവപ്പെട്ട ക്ഷീര കര്‍ഷര്‍ക്ക് വീതിച്ചു നല്‍കാനുള്ള ശ്രമമാണ് മില്‍മ നടത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
'മില്‍ക്ക് പൗഡര്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് ഒരു വർഷത്തിനുള്ളിൽ സജ്ജമാക്കും'
കൊവിഡ് മഹാമാരിയില്‍ സമസ്‌ത മേഖലകളും പ്രതിസന്ധി നേരിട്ടപ്പോള്‍ ക്ഷീരോത്പാദന മേഖലയെ താങ്ങി നിര്‍ത്താനും ക്ഷീര കര്‍ഷകരെ സംരക്ഷിക്കാനും മില്‍മക്ക് കഴിഞ്ഞു. പ്രതിദിനം ആറ് കോടി രൂപയാണ് മില്‍മ പാല്‍ വിലയായി കര്‍ഷകരിലേക്കെത്തിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി രണ്ടു വര്‍ഷമായി തുടരുമ്പോഴും ക്ഷീര മേഖലയെ മില്‍മ ശക്തമായി താങ്ങി നിര്‍ത്തി മുന്നോട്ടു പോകുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.
READ MORE: വിൽപന കുറഞ്ഞു ; പാലിന്‍റെ അളവും വിലയും കൂട്ടി മിൽമ