കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. പ്രദേശവാസികളെയും ലോറിക്കാരുടെയും ദുരിതത്തിന് നാളിതുവരെയായിട്ടും അറുതിയായിട്ടില്ല. കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി വലിയങ്ങാടിയിലേക്കുള്ള ലോറികളുടെ പ്രവേശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലായാണ് ലോറികൾ ലോഡ് ഇറക്കുന്നത്. സാധനം ഇറക്കിയ അന്നുതന്നെ മടങ്ങണം എന്നാണ് നിർദേശം.
എന്നാൽ ലോറികൾ തോന്നുമ്പോൾ നിർത്തുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ലോറികൾ നിയന്ത്രണം ഒന്നുമില്ലാത്ത നിർത്തിയിടുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. മാലിന്യം കുമിയുന്നതും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു തുടങ്ങിയ പ്രശ്നങ്ങളാണ് നാട്ടുകാർ ചൂണ്ടിക്കാട്ടിയത്. റോഡ് സൈഡിൽ തന്നെ ലോറികൾ നിർത്തുന്നതുകൊണ്ട് പല അപകടങ്ങളും സംഭവിക്കാറുണ്ട്.
വലിയങ്ങാടിയിൽ മാത്രം ദിവസേന 100 -120 ലോറികൾ എത്തിയിരുന്നു. ഇപ്പോഴത് 40- 50 ആയി കുറഞ്ഞു. ഇതിലെല്ലാം തൊഴിലാളികളുണ്ടാകും. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ലോറികൾ എത്തുന്നുണ്ട്. തുറമുഖ വകുപ്പിന്‍റെ സ്ഥലത്തായിരുന്നു ലോറികൾ നേരത്തെ നിർത്തിയിരുന്നത്. 80 വണ്ടികൾ വരെ ഇത്തരത്തിൽ നിർത്തിയിട്ടിരുന്നു. എന്നാൽ 2019 ജനുവരി കരാർ കാലാവധി കഴിഞ്ഞതോടെ അത് ഒഴിവാക്കി. പിന്നീട് തോന്നുംപോലെ ലോറികൾ നിർത്തിയിടാൻ തുടങ്ങി.
പിന്നീട് റോഡരികിൽ വലിയ ലോറികൾ നിർത്തിയിടരുതെന്ന പൊലീസ് നിർദേശവും വന്നു. മീഞ്ചന്ത, തടമ്പാട്ടുതാഴം, കോയ റോഡ് എന്നിവിടങ്ങളിലെല്ലാം ലോറി പാർക്കിങ് ഒരുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തോപ്പയിൽ ബീച്ചിന് സമീപം ആക്കാമെന്ന് തീരുമാനിച്ചു. 1.9 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പ്രാദേശികമായി എതിർപ്പിനെ തുടർന്ന് അതും നിലച്ചു. വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതർ പറയുമ്പോഴും എപ്പോഴെന്നതിൽ അവ്യക്തത തുടരുന്നു.