കോഴിക്കോട് : പുറമേരിയില്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. പുറമേരി സ്വദേശി ബാലനാണ് സ്വര്‍ണം നഷ്‌ടപ്പെട്ടതായി നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാലന്‍റെ മകളുടെ സ്വാര്‍ണാഭരണങ്ങളാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 8 ന് മകന്‍റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ വീട് പൂട്ടി വധുവിന്‍റെ വീട്ടില്‍ പോയിരുന്നു. റിസപ്ഷന്‍ കഴിഞ്ഞ് പിറ്റേദിവസം സ്വര്‍ണാഭരണങ്ങള്‍ അലമാരയില്‍ തന്നെ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. പിന്നീട് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്‌ടപ്പെട്ടതായി വീട്ടുകാര്‍ മനസിലാക്കുന്നത്. ഏഴ് വളകള്‍, മൂന്ന് സ്വര്‍ണമാല, മോതിരം, പാദസരങ്ങള്‍ എന്നിവയാണ് നഷ്‌ടപ്പെട്ടത്. അലമാര പൂട്ടിയ ശേഷം താക്കോല്‍ അതിനുള്ളില്‍ തന്നെയാണ് വച്ചിരുന്നത്. താക്കോല്‍ അതേ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ച കവറും അലമാരയില്‍ തന്നെ ഉണ്ടായിരുന്നു. ഫെബ്രുവരി 15ന് ബാലന്‍റെ പുറമേരിയിലെ വീട്ടില്‍ മകന്‍റെ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം നടന്നിരുന്നു.
Also read: സ്വർണാഭരണ കവർച്ച; ഒരു പ്രതി കൂടി അറസ്റ്റിൽ
ആഭരണങ്ങള്‍ കാണാതായ വിവരം പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ആരെങ്കിലും സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ കേസ് ഭയന്ന് തിരിച്ചെത്തിക്കുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസമാകാറായിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബാലന്‍ പൊലീസില്‍ പരാതി നല്‍കിയത്.