കോഴിക്കോട് : ഒരു മണിക്കൂറില്‍ 700 കൈകളില്‍ മെഹന്തിയിടുക. കടലുണ്ടി സ്വദേശി ആദിത്യ എ.വിയുടെ ലക്ഷ്യം ഗിന്നസ് വേള്‍ഡ് റെക്കോഡാണ്. ഇത്തരം നേട്ടങ്ങള്‍ ആദിത്യയ്ക്ക് പുതുമയുള്ള കാര്യമല്ല. 12 മിനിറ്റ് കൊണ്ട് കൈത്തണ്ടയില്‍ ലോകാത്ഭുങ്ങള്‍ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും സ്വന്തം പേര് എഴുതിച്ചേര്‍ത്തിട്ടുണ്ട് ആദിത്യ.
ചെറുപ്പം മുതലേ നന്നായി ചിത്രം വരയ്ക്കുന്ന ആദിത്യ സുഹൃത്തുക്കള്‍ക്ക് മെഹന്തിയിട്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മെഹന്തി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. പെട്ടെന്നുള്ള ഒരു തോന്നലിന്‍റെ പ്രേരണയിലാണ് റെക്കോഡിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സും സ്വന്തമാക്കിയതോടെ ഗിന്നസ് നേടുകയെന്നതായി അടുത്ത ലക്ഷ്യം.
Also read: ഒന്നര വയസില്‍ ഇവൻ മിടുക്കനല്ല, മിടുമിടുക്കൻ: ഓർമ്മ ശക്തിയിൽ 'മിന്നലാണ്' ധ്യാൻ
ഒരു മണിക്കൂറിൽ 600 കൈകളിൽ മെഹന്തിയിട്ട പാകിസ്ഥാൻ സ്വദേശിയുടെ പേരിലാണ് നിലവിലെ വേള്‍ഡ് റെക്കോഡ്. ഇത് മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് ആദിത്യ. പുതുവത്സര ദിനത്തിൽ മണ്ണൂർ സിഎം ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ആദിത്യയുടെ പ്രകടനം.
ഇതിന് വേണ്ടിയുള്ള കഠിന പരിശീലനം തുടങ്ങിയിട്ട് ദിവസങ്ങളായി. മെഹന്തിയിടാൻ ഒരേ സമയം 350 പേരെ കിട്ടാത്തത് കൊണ്ട് പേപ്പറിലാണ് പരിശീലനം. ആദിത്യയുടെ ഗിന്നസിലേക്കുള്ള ശ്രമം വിജയിപ്പിക്കുന്നതിനായി നാട്ടുകാർ ചേർന്ന് സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.