കോഴിക്കോട് : തോല്‍വികളില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് ജീവിത വിജയം നേടിയിട്ടുള്ളത്. അത്തരത്തില്‍ പതറാതെ മുന്നേറിയ ജീവിതാനുഭവമാണ് കോഴിക്കോട് സ്വദേശി മല്ലികയുടേത്.
അച്ഛൻ മരിച്ചപ്പോൾ ഏഴാം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന അന്നശ്ശേരി കാനത്തിൽ മീത്തൽ മല്ലിക 30 വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചു. 2011ല്‍ ഏഴാം തരം തുല്യത പരീക്ഷ എഴുതി വിജയിച്ചു. 2013ൽ പത്താംതരം തുല്യത പരീക്ഷ വിജയിച്ചതിന് ശേഷം ഹയർ സെക്കന്‍ററി തുല്യത കോഴ്‌സിന് ചേർന്നു.
ഒരുമിച്ച് പരീക്ഷയെഴുതാന്‍ അമ്മയും മകളും
മല്ലിക ഹയർ സെക്കന്‍ററി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഒപ്പം മറ്റൊരാൾ കൂടിയുണ്ട്. മകൾ അനുപമ. അത്തോളി ഗവ ഹയർ സെക്കന്‍ന്‍ററി സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ഒരു വിഷയത്തിന് തോറ്റ അനുപമ വിവാഹ ശേഷം അമ്മയുടെ നിർബന്ധപ്രകാരം തുല്യത കോഴ്‌സിന് ചേരുകയായിരുന്നു.
തലക്കുളത്തൂർ സിഎംഎം ഹയർ സെക്കന്‍ഡറി സ്‌കൂള്‍ തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. മല്ലിക ഹ്യൂമാനിറ്റീസും അനുപമ കൊമേഴ്‌സുമാണ് തെരഞ്ഞെടുത്തത്.
പഠനം ഓൺലൈൻ ക്ലാസ് വഴി
കൊവിഡ് പ്രതിസന്ധിയിൽ സാക്ഷരത മിഷൻ ഒരുക്കിയ ഓൺലൈൻ ക്ലാസുകൾ വഴിയാണ് ഇരുവരും പഠനം പൂർത്തീകരിച്ചത്. തുല്യത പഠന കേന്ദ്രം കോർഡിനേറ്ററും കവിയും ഫോക്‌ലോറിസ്റ്റുമായ ഗിരീഷ് ആമ്പയാണ് മല്ലികയെ പഠനത്തില്‍ സഹായിച്ചത്.
ജീവിതത്തിലെന്ന പോലെ പഠനകാര്യങ്ങളിലും ഭർത്താവ് അശോകൻ നമ്പ്യാർ മല്ലികയ്ക്ക് കൂട്ടായപ്പോൾ കാര്യങ്ങൾ എളുപ്പമായി. പത്താം തരം തുല്യത യോഗ്യതയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ സ്വകാര്യ ഫാർമസിയിൽ ജോലി ലഭിച്ചത് വലിയ ആശ്വാസമായെന്നും മല്ലിക പറയുന്നു.
തുല്യത പഠനത്തിന്‍റെ ഭാഗമായി തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ അമ്മയും മകളും. ഹയർ സെക്കന്‍ററിയില്‍ അവസാനിക്കുന്നില്ല, ഇവരുടെ പഠനമോഹം. ബിരുദം നേടണമെന്ന ആഗ്രഹത്തിലാണ് ഈ അമ്മയും മകളും.
Also read: കൊവിഡ് നിയന്ത്രണം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച് കുട്ടികൾ, ശാസനയുമായി സെക്‌ടറല്‍ മജിസ്ട്രേറ്റ്