കോഴിക്കോട്: രോഗവ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് പൂർണമായും അടച്ചു പൂട്ടാൻ കലക്‌ടറുടെ ഉത്തരവ്. പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്‌മെന്‍റ് സോൺ ആയ സാഹചര്യത്തിലാണ് അടച്ചുപൂട്ടലിന് ഉത്തരവിട്ടത്. പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാനും അതിർത്തികളിൽ കർശന പരിശോധന നടത്താനും പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചു.
കൂടരഞ്ഞി പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒമ്പത് വാർഡുകളിലാണ് കൂടുതൽ രോഗികളുള്ളത്. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്‌ച മുതൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് തോമസ് മാവറ പറഞ്ഞു. ഇതിന്‍റെ ഭാഗമായി ജീപ്പ് അനൗൺസ്മെന്‍റ്, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധന, രോഗ നിർണയ ടെസ്റ്റുകൾ വർധിപ്പിക്കൽ തുടങ്ങിയവ നടപ്പാക്കും. ഒപ്പം തന്നെ പഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലകളും അടച്ചു പൂട്ടും.
മറ്റു ജില്ലകളിൽ നിന്നടക്കം വിനോദ സഞ്ചാരികൾ എത്തുന്നത് രോഗവ്യാപനതോത് വർധിക്കാൻ കാരണമായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണന്നും 45 വയസ് പൂർത്തിയായവർക്കുള്ള വാക്‌സിനേഷൻ നൂറ് ശതമാനത്തിനടുത്ത് എത്തിയതായും 18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ 20 ശതമാനത്തിൽ കൂടുതൽ പൂർത്തിയായതായും പ്രസിഡന്‍റ് പറഞ്ഞു.
READ MORE: ഓണം കഴിഞ്ഞ് നാല് ദിവസം, കേസുകള്‍ 1.18 ലക്ഷം, മരണം 729 ; പിടിവിട്ട് കൊവിഡ്