കോഴിക്കോട്: ജീവിതത്തില്‍ നിങ്ങൾ ഒരിക്കല്‍ തോല്‍ക്കാൻ തയ്യാറായാല്‍ പിന്നെയൊരു തിരിച്ചുവരവിനായി വല്ലാതെ കാത്തിരിക്കേണ്ടി വരും. കോഴിക്കോട് അത്തോളി സ്വദേശി ബാലൻ നായർ പലതവണയാണ് ജീവിതത്തിന് മുന്നില്‍ തോറ്റു നിന്നത്. പക്ഷേ ഓരോ തവണയും പതറാതെ പുതിയ മാർഗങ്ങൾ തേടിയ ബാലൻ നായർ സ്വന്തം വിധിയെ മാറ്റിയെഴുതുകയാണ്.
പേരിന് പിന്നിലൊരു കഥ
കൊവിഡും ലോക്ക്‌ഡൗണും മൂലം സ്വന്തം തൊഴില്‍ ഉപേക്ഷിച്ച് മറ്റൊരു ഉപജീവന മാര്‍ഗം കണ്ടെത്താന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം വളരെ വലുതാണ്. കൊടശ്ശേരി മേടക്കര ബാലൻ നായർ അത്തോളിക്കാര്‍ക്ക് ധന്യ ബാലൻ നായരാണ്.
ആദ്യ ഉപജീവന മാർഗമായ ഹോട്ടലിന് ധന്യ എന്ന് പേരിട്ടതോടെയാണ് ബാലൻ നായർ 'ധന്യ ബാലൻ നായർ' ആയത്. ഹോട്ടൽ നഷ്‌ടത്തിലായതോടെ വളം വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞു. കൊവിഡും പിന്നാലെ ലോക്ക്ഡൗണും എത്തിയതോടെ വളം വില്‍പ്പന നിലച്ചു.
തോല്‍ക്കില്ലെന്ന് ഉറപ്പിച്ച മനുഷ്യൻ
ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടിയതോടെ മത്സ്യകൃഷിയില്‍ ഒരു കൈ നോക്കാൻ ബാലൻ നായർ തീരുമാനിച്ചു. ഒന്നര സെന്‍റ് സ്ഥലത്ത് ഒന്നര ലക്ഷം രൂപയോളം ചിലവാക്കിയാണ് വലിയ ടാങ്കും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചു. തിലോപ്പിയ വർഗത്തിൽപ്പെട്ട ചിത്രലാടം മത്സ്യ കുഞ്ഞുങ്ങളെ വളർത്തി. വീട്ട് മുറ്റത്ത് പന്തലിച്ച പാഷൻ ഫ്രൂട്ടിന്‍റെ ഇലകൾ ഭക്ഷണമാക്കി.
അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിൽ മത്സ്യകൃഷിയിൽ ബാലൻ നായർ നേടിയത് വിളവെടുപ്പിന്‍റെ വിജയഗാഥ. സംഗതി വിജയമായതോടെ അത്തോളി കൃഷി ഓഫീസർ സുവർണ്ണ ശ്യാം എത്തി വിളിവെടുപ്പ് ഉത്സവമാക്കി. ജീവിതം തോല്‍ക്കാൻ മനസില്ലാത്തവരുടേതു കൂടിയാണെന്ന് അത്തോളിക്കാരുടെ ധന്യ ബാലൻ നായർക്ക് ഉറപ്പിച്ച് പറയാം.
Also read: പണിതീരാത്ത വീട്ടില്‍ നിന്നും പ്രതീക്ഷയോടെ ഒളിമ്പിക്സ് ട്രാക്കിലേക്ക്