കോഴിക്കോട് : 33 വർഷം വച്ചുവിളമ്പിയ കല്യാണിയമ്മയ്ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കി ചെറുകുളത്തൂർ ഇഎംഎസ് ഗവ. എൽപി സ്‌കൂളിന്‍റെ മഹത്തായ മാതൃക. ഇനി എല്ലാ മാസവും 500 രൂപ കല്യാണിയമ്മയുടെ അക്കൗണ്ടിലെത്തും. പ്രായാധിക്യത്തെ തുടർന്ന് രണ്ടുവർഷം മുമ്പാണ് 73കാരിയായ കല്യാണിയമ്മ പാചകപ്പുര വിട്ടത്.
സ്‌കൂള്‍ പാചക തൊഴിലാളികൾക്ക് ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ നിലവിലില്ല. വിരമിച്ച പ്രധാനാധ്യാപകൻ ശ്രീവിശാഖനും സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു കല്യാണിയമ്മയ്ക്കുള്ള പ്രതിമാസ പെന്‍ഷന്‍. ശ്രീവിശാഖന്‍ വിരമിക്കൽ ആനുകൂല്യത്തിലെ ഒരു വിഹിതം പെൻഷൻ പദ്ധതിയിലേക്ക് നൽകി.
സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും സമാഹരിച്ച തുകയും ചേർത്ത് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ബാങ്ക് നൽകുന്ന പലിശയാണ് മാസം തോറും കല്യാണിയമ്മയ്ക്ക് പെൻഷനായി നൽകുക. ജൂലൈ 6ന് പിടിഐയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ രണ്ടുവർഷത്തെ കുടിശ്ശിക പെൻഷൻ ഉൾപ്പടെ മുൻ ധനമന്ത്രി തോമസ് ഐസക് കല്യാണിയമ്മയ്ക്ക് കൈമാറി.
Also read: എന്തെങ്കിലും ഒരു പരിഗണന ഞങ്ങള്‍ക്ക് ചെയ്ത് തരുമോ..? ഇനി മറുപടി കൊടുക്കേണ്ട! ബേബിയേച്ചി പോയി
വാർധക്യ പെൻഷനൊപ്പം സ്‌കൂള്‍ പെൻഷന്‍ കൂടി ലഭിക്കുന്നതോടെ ഇനി അല്ലലില്ലാതെ കല്യാണിയമ്മയ്ക്ക് കഴിയാം. ആനുകൂല്യങ്ങളൊന്നുമില്ലാതെ വിരമിക്കുന്ന പാചക തൊഴിലാളി വിഭാഗത്തെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ചെറുകുളത്തൂര്‍ മാതൃക. സ്‌കൂളിലെ ഭാവിയിലെ എല്ലാ പാചക തൊഴിലാളികൾക്കും 60 വയസിന് ശേഷം ഈ തുക ഉപകരിക്കും. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന അവയവദാന ഗ്രാമമാണ് പെൻഷനിലൂടെ മറ്റൊരു മാതൃക മുന്നോട്ട് വയ്ക്കുന്നത്.