കോഴിക്കോട്: വീട് ജപ്‌തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാർ തന്നെ വീട് നിര്‍മിച്ച് നല്‍കുക. സ്‌നേഹവും കരുണയുമുള്ള മനുഷ്യരും ചുറ്റുമുണ്ടെന്ന് ശശിയും അമ്മ സരോജിനിയും തിരിച്ചറിയുന്നത് അങ്ങനെയാണ്. കാപ്പാടിനടുത്ത് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശിയ്ക്കും അമ്മ സരോജിനിയ്ക്കുമാണ് ബാങ്ക് ജീവനക്കാർ സ്‌നേഹവീട് പണിതത്.
ബാഗ് നിര്‍മാണ സംരംഭം തുടങ്ങാൻ 5 വര്‍ഷം മുന്‍പാണ് ശശി 50,000 രൂപ വായ്‌പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ ഒരു ഭാഗം തളര്‍ന്നുപോയതോടെ വായ്‌പയുടെ തിരിച്ചടവ് മുടങ്ങി. ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു ശതമാനം സാധ്യത കൽപ്പിച്ച ഡോക്‌ടര്‍മാര്‍ക്ക് മുന്നിൽ അത്ഭുതകരമായി ശശി തിരിച്ച് വന്നു. എന്നാല്‍ വായ്‌പ തിരിച്ചടക്കാനായില്ല.
'രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ'
ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത പെട്ടിക്കട മാത്രമായി ഏക ആശ്രയം. ജീവിതം തട്ടിമുട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് കുടിശ്ശികയടക്കം 70,000 രൂപയോളം വായ്‌പ തിരിച്ചടവുള്ള ശശിയുടെ വീട് തേടി എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം മുരഹരി എത്തിയത്.
മുറ്റത്ത് നിന്ന് അകത്തേക്ക് നോക്കിയാൽ ആകാശം കാണുന്ന വീട്. ശുചിമുറിയില്ല. ജപ്‌തിയെ കുറിച്ച് ഒന്നും പറയാനാവാതെ മടങ്ങിയ മാനേജർക്ക് പോകുന്ന വഴിയിൽ ശശിയുടെ നിസഹായവസ്ഥ കൂടി കണ്ടതോടെ മനസ് വിങ്ങി. ദിവസങ്ങൾക്ക് ശേഷം വീണ്ടും എത്തിയ മാനേജർ മുരഹരി ശശിയുടെ അമ്മയോട് ചോദിച്ചു. ‘ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെയാണ് പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്..?' 'രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ, എന്നിട്ട് റെയിൽപാളത്തിൻ്റെ അരികിലേക്ക് പോകും' എന്നായിരുന്നു ആ അമ്മയുടെ മറുപടി.
തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തിയ മുരഹരി ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായുറങ്ങാന്‍ മേല്‍ക്കൂരയും ശുചിമുറിയുമുള്ള വീടായി. ബാങ്കിലെ ഒന്‍പത് ജീവനക്കാര്‍ സ്വന്തം കൈയ്യില്‍ നിന്ന് കാശെടുത്ത് പണിത് കൊടുത്തതാണ് ഈ സ്‌നേഹവീട്.
ബാങ്ക് ജീവനക്കാര്‍ പണിതു നല്‍കിയ സ്‌നേഹവീട്
2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്‌തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശ്ശികയില്‍ ഇളവുകള്‍ക്ക് ശേഷമുള്ള 70,000 രൂപ ജീവനക്കാര്‍ കൈയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു. പിന്നീട് ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന് വീട് പുതുക്കി പണിയാന്‍ പണം കണ്ടെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍ നിന്ന് കല്ലും മണലും സിമന്‍റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്‍റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്‌തു. ശുചിമുറിയും പണിത്, അടച്ചുറപ്പും അടിസ്ഥാനസൗകര്യങ്ങളുമുള്ള വീട് തിരിച്ചുനല്‍കി.
എം മുരഹരിക്കൊപ്പം സഹപ്രവർത്തകരായ ജനാർദ്ദനൻ, അശ്വിൻ എം മോഹൻ, പ്രശാന്ത് കൃഷ്‌ണ, അഭിൻ ദേവ്, സതീശൻ, ചന്ദ്രൻ, രമ്യ, അനുശ്രീ എന്നിവരാണ് ഒരേ മനസോടെ കൈകോർത്തത്. ഒരിക്കൽ കൂടി അവർ ഇടിവി ഭാരതിനൊപ്പം ഈ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തൊഴുകൈകളോടെ അമ്മ പറഞ്ഞു, 'ജീവിതത്തിൽ ദൈവത്തെ കണ്ടു..ഈ സാറൻമാരുടെ രൂപത്തില്‍'.
വീട്ടുകാരെ ആശ്വസിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ സമയം ഇരുട്ടി തുടങ്ങിയിരുന്നു. അപ്പോഴും മുരഹരി അവരോട് ചോദിച്ചു.. 'ഇന്ന് ഉച്ചക്ക് എന്തേലും കഴിച്ചിരുന്നോ' എന്ന്. ഓ എന്ന് മറുപടി കേട്ടപ്പോൾ ജീവനക്കാരുടെ മുഖത്താകെ സന്തോഷം. ഞങ്ങൾക്ക് ഇത്രയേ ചെയ്യാൻ കഴിഞ്ഞുള്ളൂ. നിങ്ങളെ സഹായിക്കാൻ ആരെങ്കിലുമൊക്കെ ഇനിയും എത്തുമെന്ന് പറഞ്ഞ് മുരഹരിയും സംഘവും ഇറങ്ങി. ഈ ജീവിതങ്ങളെ സഹായിക്കാൻ ഇനിയും ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മുരഹരിക്കും ടീമിനും ഒരു ബിഗ് സല്യൂട്ട്.
Also read: 'കുടുംബ ബന്ധങ്ങൾക്ക് പുട്ട് വില്ലൻ'! രസകരമായ ഉത്തരവുമായി മൂന്നാം ക്ലാസ് വിദ്യാർഥി