കോഴിക്കോട്: ഒരു കര്‍ഷകന്‍റെ ജീവവായു എന്ന് പറയുന്നത് തന്നെ മണ്ണാണ്. എന്നാല്‍ കൃഷിയിറക്കാന്‍ ആ മണ്ണ് പോലും വേണ്ടായെന്ന് കാണിച്ച് തരികയാണ് മള്ളാറുവീട്ടില്‍ ചന്ദ്രന്‍ എന്ന കര്‍ഷകന്‍. ഒരു തരി മണ്ണ് പോലും ഇല്ലാതെ ചാക്കില്‍ കരിയിലകളും വളങ്ങളും നിറച്ച് ഭീമന്‍ ചേനകൃഷി ഒരുക്കിയിരിക്കുകയാണ് ചന്ദ്രന്‍. തന്‍റെ വീട്ടു മുറ്റത്തായി വെറുമൊരു പ്ലാസ്റ്റിക് ചാക്കിലൊരുക്കിയ ഭീമന്‍ ചേന കൃഷി ഇപ്പോഴൊരു അത്‌ഭുതമാവുകയാണ്. പഴയ പ്ലാസ്റ്റിക് ചാക്കില്‍ ജൈവവളങ്ങളും ചപ്പുചവറുകളും മാത്രം നിറച്ച് ചേന വിത്തിട്ടാല്‍ മുറ്റത്ത് ഭീമന്‍ ചേന വളരുമെന്ന് ചന്ദ്രന്‍ പറയുന്നു. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതിനാല്‍ തന്നെ ചേനകൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
മഴ കൂടുതലായി ലഭിക്കുന്നതുകൊണ്ട് ചേനയ്ക്ക് പ്രത്യേകം വെള്ളമൊഴിക്കേണ്ട ആവശ്യമില്ല. വീട്ടുവളപ്പുകളില്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് ടെറസുകളില്‍ ഭീമന്‍ ചേന കൃഷി ചെയ്‌തെടുക്കാനും സാധിക്കും. സ്വന്തം ചിന്തയിലൂടെ കടന്ന് പോയ പരീക്ഷണം വിജയം കണ്ടതോടെ മണ്ണില്ലാത്ത ചേന കൃഷി പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാനുമാണ് പരമ്പരാഗത കര്‍ഷകനായ ചന്ദ്രന്‍റെ ശ്രമം.