കോട്ടയം : കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സ്കൂള്‍ പരീക്ഷകള്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ആരംഭിക്കും. ആദ്യ ദിനത്തില്‍ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ. എസ്.എല്‍.സി.സിക്ക് 257 കേന്ദ്രങ്ങളില്‍ 19902 വിദ്യാര്‍ഥികളും വി.എച്ച്.എസ്.ഇക്ക് 31 കേന്ദ്രങ്ങളില്‍ 3531 വിദ്യാര്‍ഥികളുമാണുള്ളത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് എന്നിവര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 131 കേന്ദ്രങ്ങളില്‍ മെയ് 27 മുതല്‍ പരീക്ഷ നടക്കും.എല്ലാ സ്കൂളുകളിലും പരീക്ഷാ ഹാളുകളും പരിസരവും അണുവിമുക്തമാക്കി. പരീക്ഷാ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളുകളിലെ ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി പരീക്ഷകള്‍ക്ക് ഒരു ഹാളില്‍ 20 വിദ്യാര്‍ഥികള്‍ വീതം എന്ന കണക്കില്‍ ഇരുപ്പിട ക്രമീകരണവും പൂര്‍ത്തീകരിച്ചു.
എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് പ്രതിരോധത്തിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രര്‍ശിപ്പിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍നിന്നുള്ള 79 കുട്ടികള്‍ക്ക് സ്വന്തം ജില്ലയില്‍ പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളുടെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക. കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്കായി യാത്ര ചെയ്യുന്നതിന് ഇളവുകള്‍ അനുവദിക്കും. സ്കൂളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളും അധ്യാപകരും കൈകള്‍ അണുവിമുക്തമാക്കണം. സാനിറ്റൈസര്‍ വാങ്ങുന്നതിന് ഓരോ സ്കൂളിനും സമഗ്രശിക്ഷ കേരള ഫണ്ടില്‍നിന്നും ആയിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പനി പരിശോധിച്ചശേഷമായിരിക്കും പരീക്ഷയ്ക്ക് പ്രവേശനം അനുവദിക്കുക. എല്ലാ സ്കൂളുകളിലും അതാത് ഡി.ഇ.ഒ ഓഫിസുകളുടെ നേതൃത്വത്തില്‍ തെര്‍മോ മീറ്ററുകള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. തെര്‍മോ മീറ്ററുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിക്‌ടേഴ്‌സ് ചാനല്‍ മുഖേന അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ മാസ്കും കയ്യുറയും ധരിക്കണം. വിദ്യാര്‍ഥികള്‍ക്കുള്ള മാസ്കുകള്‍ വീടുകളിലും അധ്യാപകര്‍ക്കുള്ളവ സ്കൂളുകളിലും എത്തിച്ചു നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്കൂളിലേക്കും തിരികെയും എത്തിക്കുന്നതിനായി 27 റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തും. സ്വന്തമായി വാഹനമില്ലാത്ത സ്കൂളുകള്‍ക്ക് സമീപത്തുള്ള എല്‍.പി, യു.പി സ്കൂളുകളുടെ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ചായിരിക്കണം യാത്ര. കുടിക്കുന്നതിനുള്ള വെള്ളം കൊണ്ടുവരാത്തവര്‍ക്ക് വെള്ളം വിതരണം ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ തമ്മില്‍ പഠനോപകരണങ്ങള്‍ കൈമാറാന്‍ പാടില്ല. പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടം കൂടി നിന്ന് സംസാരിക്കുവാനോ സൗഹൃദ പ്രകടനങ്ങള്‍ നടത്തുവാനോ അനുവദിക്കില്ല. പരീക്ഷ കഴിഞ്ഞാലുടന്‍ വീട്ടിലേക്ക് മടങ്ങണം. പനിയോ ചുമയോ ജലദോഷമോ ഉള്ള രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ 13 ഉപജില്ലാ ഓഫിസുകളുടെയും നേതൃത്വത്തില്‍ അതത് മേഖലകളിലെ പ്രധാനാധ്യാപകര്‍ക്കായി കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് വീഡിയോ കോണ്‍ഫന്‍സ് നടത്തി. ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ ആവശ്യമായ സാനിറ്റൈസറുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സി.കെ. രാജ്, പുതുപ്പള്ളി ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാജി കെ. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, സമഗ്ര ശിക്ഷ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.