കോഴിക്കോട്/മാവൂർ: മത മൈത്രിയുടെ സന്ദേശം വിളിച്ചോതി മാവൂർ കിടപ്പിൽ മുത്തപ്പൻ ഗുരുക്കൾ ക്ഷേത്ര തിറ മഹോത്സവം നടന്നു. ജാതി മത വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉത്സവത്തിന്‍റെ ഭാഗമായി മുത്തപ്പൻ-ഗുരുക്കൾ വെള്ളാട്ടും തിറയാട്ടവും നടന്നു. മുത്തപ്പനും ഗുരുക്കളുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍.
ക്ഷേത്രമതിൽകെട്ടിനകത്ത് ഒരു പള്ളിയറയിലാണ് ഹിന്ദുവായ മുത്തപ്പന്‍റെയും മുസ്ലീമായ ഗുരുക്കളുടെയും പ്രതിഷ്ഠകളുള്ളത്. പ്രദേശത്തെ ഹിന്ദുവായ നാട്ടുപ്രമാണിയും കച്ചവടത്തിനായി എത്തിയ ഗുരുക്കളും തമ്മില്‍ സ്നേഹവും സൗഹൃദവും നിലനിന്നിരുന്നു. ഇരുവരുടെയും മരണശേഷം ഇവർക്ക് നാട്ടുകാര്‍ ദൈവിക പരിവേഷം നൽകി ആരാധിച്ചു. ഇതിന്‍റെ ഭാഗമായാണ് ഇരുവരെയും ദൈവങ്ങളായി കണ്ട് പ്രതിഷ്ഠ നടത്തിയതെന്നാണ് ചരിത്രം. ഉത്സവദിവസം വെള്ളാട്ടാണ് ക്ഷേത്രമുറ്റത്ത് ആദ്യം അരങ്ങേറുന്നത്. ലളിതവേഷത്തിലാണ് ഇരുവരും വെള്ളാട്ടിൽ പ്രത്യക്ഷപ്പെടുക. മുത്തപ്പന് മുഖത്ത് മിനുക്കും തലപ്പാവും തുണികൊണ്ടുള്ള അരയടയും മറ്റുമാണുണ്ടാകുക. കൈലി മുണ്ടും ബനിയനും അരയിൽ അരപ്പട്ടയും ധരിച്ച് രംഗത്തിറങ്ങുന്ന ഗുരുക്കൾക്ക് താടിയും നെറ്റിയിൽ നിസ്കാരതഴമ്പും തലയിൽ തൊപ്പിയുമുണ്ടാകും.
ക്ഷേത്രമുറ്റത്തെത്തുന്ന ഗുരുക്കൾ മുത്തപ്പനുമായി പരിചയപ്പെടുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്യുന്നതാണ് വെള്ളാട്ടിൽ അരങ്ങേറുക. തുടർന്ന് ഗുരുക്കൾ തന്‍റെ അഭ്യാസപാടവം മുത്തപ്പനുമുന്നിൽ പ്രദർശിപ്പിക്കും. ഏറെനേരം നീളുന്ന വെള്ളാട്ടിനിടെ ക്ഷേത്രമുറ്റത്ത് നിസ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഗുരുക്കൾ കാണിക്കും. വെള്ളാട്ടിനുശേഷം അരങ്ങേറുന്ന തിറയാട്ടത്തിൽ ഇരുവരുടെയും വേഷങ്ങള്‍ ഏറെ വ്യത്യസ്ഥമായിരിക്കും. മാത്രമല്ല ഇരുവർക്കും പുറമെ മറ്റ് പല വേഷക്കാരും അരങ്ങിലെത്തും. മുത്തപ്പന്‍റെയും ഗുരുക്കളുടെയും വാസസ്ഥലത്തേക്ക് അതിക്രമിച്ചെത്തുവര്‍ക്കെതിരെ രണ്ടുപേരും ചേർന്ന് നടത്തുന്ന പോരാട്ടങ്ങളും യുദ്ധവുമാണ് തിറയാട്ടത്തിന്‍റെ കഥ. ചെണ്ട, ഇലത്താളം, കുറുങ്കുഴൽ എന്നീ വാദ്യങ്ങളുടെ താളത്തിനൊപ്പമാണ് തിറയാട്ടം അരങ്ങേറുന്നത്.