കോഴിക്കോട്: പെട്രോള്‍ വില റോക്കറ്റ് പോലെ കുതിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇന്ധനവില വർധനയ്ക്ക് എതിരെ പ്രതിഷേധം പലരൂപത്തിലാണ് ഉയർന്നുവരുന്നത്. അങ്ങനെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇന്ധനവില 100 കടന്നു. സ്ഥിരം പ്രതിഷേധ പരിപാടി കൊണ്ട് പ്രയോജനം ഇല്ലെന്ന് മനസിലായപ്പോഴാണ് കോഴിക്കോട് തോട്ടുമുക്കം സ്വദേശി ടിൻസ് മറ്റൊരു വഴി തേടിയത്. അതിനായി ടിൻസിന്‍റെ ചിന്ത പോയത് ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്കാണ്. അവിടെ പ്രചാരത്തിലുള്ള വാഹനമാണ് ചുക്കുടു. ഇന്ധനം ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായാണ് കോംഗോയിലെ ജനങ്ങൾ ഇത് ഉപയോഗിയ്ക്കുന്നത്. യൂ ട്യൂബില്‍ നിന്ന് വാഹനം ഉണ്ടാക്കാനുള്ള വിദ്യ ടിൻസ് മനസിലാക്കി. രണ്ട് ദിവസം കൊണ്ട് വാഹനം റെഡി.
Read more: ഇന്ധനവിലയിൽ വീണ്ടും വർധനവ്
സൈക്കിളിന് സമാനമായാണ് ചുക്കുടുവിന്‍റെ പ്രവർത്തനം. ടയറിൽ ചെറിയ പെഡൽ വച്ചാണ് ബ്രേക്ക് പ്രവർത്തിക്കുന്നത്. സൈക്കിൾ ഓടിക്കാൻ അറിയുന്ന ആർക്കും ചുക്കുടു ഓടിക്കാം. പൂർണമായും മരം കൊണ്ടാണ് ചുക്കുടു നിർമിച്ചിരിക്കുന്നത്. കുന്നിമരം, കാപ്പി, തെങ്ങ്, ആഞ്ഞിലി എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചത്. അഞ്ച് ക്വിന്‍റല്‍ വരെ ഭാരമുള്ള വസ്‌തുക്കള്‍ ചുക്കുടുവിൽ കൊണ്ടുപോകാം.
Read more: ഇന്ധനവില വർധനവിനെതിരെ സൈക്കിൾ റാലിയുമായി വിദ്യാർഥികൾ
നേരത്തെ ലോക്ക്ഡൗണില്‍ പലതരത്തിലുള്ള അമ്പും വില്ലും നിർമിച്ച് ടിൻസ് ശ്രദ്ധ നേടിയിട്ടുണ്ട്. സ്പോർട്‌സ് താരങ്ങൾ ഉപയോഗിക്കുന്ന അമ്പും വില്ലും, ഒരേ സമയം മൂന്ന് അമ്പുകൾ ചെയ്യാവുന്ന ഊത്തമ്പ്, പണ്ടുകാലത്ത് ആദിവാസികൾ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന പറങ്കി പാത്തി ഫിഷിങ് ഗൺ എന്നിവയെല്ലാം ടിൻസ് നിർമിച്ചിട്ടുണ്ട്. ഇനി ടിൻസിന്‍റെ ചുക്കുടുവില്‍ ഇന്ധനം നിറയ്ക്കാതെ യാത്ര ചെയ്യാനാണ് തോട്ടുമുക്കത്തുകാരുടെ തീരുമാനം.